ഹോം » കേരളം » 

അയ്യനെ കാണാന്‍ ചുരമിറങ്ങി, മലകയറി വനവാസി മുത്തശ്ശി

കണിയാമ്പറ്റ മണ്ടകമൂല കോളനിയിലെ ബോളന്റെ ഭാര്യ കുങ്കി ശബരിമലയില്‍

കല്‍പ്പറ്റ: കാനനവാസന്‍ അയ്യപ്പന്റെ സന്നിധിയില്‍ ദര്‍ശനം തേടി രണ്ടാം തവണയും വയനാട്ടിലെ കണിയാമ്പറ്റയില്‍ നിന്നുള്ള വനവാസി മുത്തശ്ശി എത്തി. ദര്‍ശന പുണ്യം വീണ്ടും നേടുക എന്ന ആഗ്രഹത്തിന്റെ സാഫല്യം കൂടിയാണ് കണിയാമ്പറ്റ മണ്ടകമൂല കോളനിയിലെ ബോളന്റെ ഭാര്യ കുങ്കിക്ക് ഈ ശബരിമല യാത്ര.

ഇത്തവണ കണിയാമ്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നുമുള്ള 55 അംഗ സ്വാമിമാര്‍ക്കൊപ്പമാണ് 70 കാരിയായ കുങ്കി ശബരിമലയിലേക്ക് യാത്ര തിരിച്ചത്. ഒപ്പം പേരക്കുട്ടികളുമുണ്ട്. നാല്‍പ്പത്തൊമ്പത് വര്‍ഷമായി മുടങ്ങാതെ ശബരീശ സന്നിധിയിലെത്തുന്ന മണികണ്ഠഭവനിലെ ബാലുസ്വാമിയാണ് ഇവരുടെ ഗുരുസ്വാമി.

വയനാട്ടിലെ പണിയ വിഭാഗം ആദിവാസികള്‍ക്കിടയില്‍ വിരളമായി മാത്രമാണ് മാളികപ്പുറങ്ങള്‍ ശബരിമലയിലെത്തുന്നത്. ശബരിമല തീര്‍ത്ഥാടനത്തിനുള്ള തുക കണ്ടെത്താന്‍ ഒരുകാലത്ത് ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മറ്റുള്ളവരെല്ലാം വ്രതമെടുത്ത് മലചവിട്ടി അയ്യപ്പന്റെ അനുഗ്രഹം വാങ്ങി തിരിച്ചെത്തുമ്പോള്‍ ഇവരുടെ മോഹങ്ങളെല്ലാം കോളനിയില്‍ ഒതുങ്ങി. കാലം മാറിയപ്പോള്‍ ഇതിനൊരു തിരുത്തായി കുങ്കി ശബരിമലയിലേക്ക് പോകാനുള്ള വ്രതമെടുത്ത് തുടങ്ങി. പ്രായമായ ഭാര്‍ത്താവും പെണ്‍മക്കളും ഈ ആഗ്രഹത്തിന് സമ്മതം മൂളി. ഇതോടെ സ്വപ്‌ന സാക്ഷാത്കാരത്തിന് ചിറക് മുളയ്ക്കുകയായി.

ആരുടെ കൂടെ പോകുമെന്നതായിരുന്നു ആശങ്ക. മലകയറ്റത്തില്‍ കൈപിടിക്കാന്‍ പേരക്കുട്ടികളും മാലയിട്ട് യാത്രക്കൊരുങ്ങിയതോടെ യാത്ര യാഥാര്‍ത്ഥ്യമായി. ഇത്രയധികം ദൂരം ഇതിനുമുമ്പൊന്നും പോയിട്ടില്ല. ഇനിയും ശബരിമലയ്ക്ക് പോകണമെന്നാണ് കുങ്കിയുടെ ആഗ്രഹം. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഇതിനായി ഒപ്പമുണ്ടാകുമെന്നും ഇവര്‍ പറയുന്നു.

Related News from Archive
Editor's Pick