ഹോം » കേരളം » 

വാര്‍ഷിക പദ്ധതി അട്ടിമറിച്ചത് അഴിമതിക്ക്: വി. മുരളീധരന്‍

January 12, 2017

തിരുവനന്തപുരം: സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി കേരളത്തിന്റെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടത് വ്യാപകമായി അഴിമതി നടത്താനാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍. 2016-17 സാമ്പത്തികവര്‍ഷത്തിലേക്ക് സംസ്ഥാനം വകയിരുത്തിയ പദ്ധതിയടങ്കല്‍ 30,534.17 കോടി രൂപ ആയിരുന്നു. അതില്‍ 2017 ജനുവരി 11 വരെ ചെലവഴിക്കപ്പെട്ടത് വെറും 28.46 ശതമാനം (8549 കോടി രൂപ) മാത്രമാണ്.

മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ടരമാസം മാത്രം ശേഷിക്കുമ്പോള്‍ 201617ലെ വാര്‍ഷിക പദ്ധതി അടങ്കലില്‍ 21,984 കോടി രൂപ ഇനിയും ചെലവഴിക്കപ്പെടാനുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന് ക്രൃത്രിമ കണക്കുണ്ടാക്കി കോടിക്കണക്കിനു രൂപ ചെലവഴിച്ചതായി കാണിച്ച് വലിയ തോതില്‍ അഴിമതി നടത്താനാണ് നീക്കമെന്ന് ഇതിലൂടെ ഉറപ്പായിക്കഴിഞ്ഞതായി മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമ്പദ് ഘടനയിലെ സുപ്രധാന മേഖലകളായ കൃഷി, വ്യവസായം എന്നിവയ്ക്കായി 1351.89 കോടി രൂപയാണ് വയിരുത്തപ്പെട്ടത്. ഈ തുകയില്‍ 2017 ജനുവരി 11 വരെ 34.5 ശതമാനം (476 കോടി രൂപ) മാത്രമാണ് ചെലവഴിക്കപ്പെട്ടത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കായി 1420.16 കോടി രൂപ വകയിരുത്തിയപ്പോള്‍ 32.61 ശതമാനം (463.16 കോടി രൂപ) മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളൂ. പട്ടികജാതി വികസനത്തിനായി 1409 കോടി രൂപ വകയിരുത്തിയതില്‍ 477.8 കോടി രൂപ (34 ശതമാനം) മാത്രമാണ് ജനുവരി 11 വരെ ചെലവഴിച്ചിരിക്കുന്നത്.

റേഷന്‍ വിതരണം പൂര്‍ണമായി തകരുകയും ഭക്ഷ്യ സുരക്ഷിതത്വം സമ്പൂര്‍ണമായി അപകടത്തിലാകുകയും ചെയ്തിട്ടും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനായി 26.64 കോടി രൂപ വകയിരുത്തിയതില്‍ വെറും 1.82 കോടി രൂപ മാത്രമാണ് ജനുവരി 11 വരെ ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ ആഭ്യന്തര വിജിലന്‍സ് വകുപ്പിനായി 143.65 കോടി രൂപവകയിരുത്തിയതില്‍ വെറും 9.46 കോടി രൂപമാത്രമേ ഇതുവരെ ചെലവഴിക്കപ്പെട്ടിട്ടുള്ളൂ. കേരളത്തിലെ ആയിരത്തിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 201617 സാമ്പത്തിക വര്‍ഷത്തിലേക്ക് 5500 കോടി രൂപയാണ് വകയിരുത്തിയത്.

സാമ്പത്തിക വര്‍ഷത്തിന്റെ 10 മാസം പിന്നിട്ടിട്ടും ചെലവഴിക്കപ്പെട്ടത് വെറും 11.7 ശതമാനം (645.12 കോടി രൂപ) മാത്രമാണ്. ട്രഷറി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ നടന്നതിന്റെ അത്രയും ഫണ്ട് വിനിയോഗം പോലും ഇപ്പോള്‍ നടന്നിട്ടില്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick