ഹോം » കേരളം » 

സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകള്‍ അടച്ചിടും

കൊച്ചി: എഞ്ചിനീയറിങ് കോളെജുകള്‍ അടച്ചിട്ട് സ്വാശ്രയ മാനേജ്‌മെന്റുകള്‍ സമരത്തിന്. സ്വത്തിന് സംരക്ഷണം ആവശ്യപ്പെട്ടാണ് കേരള സെല്‍ഫ് ഫിനാന്‍സിങ് എഞ്ചിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം. അസോസിയേഷന്റെ 120 സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. പാമ്പാടി നെഹ്‌റു കോളെജിലും അസോസിയേഷന്റെ കൊച്ചി ആസ്ഥാനത്തും നടന്ന അക്രമങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

പാമ്പാടി സംഭവം അന്വേഷിക്കണം. പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. കുണ്ടന്നൂരിലെ അസോസിയേഷന്‍ ഓഫീസ് കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. പാമ്പാടി കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്തതും തുടര്‍സംഭവങ്ങളും ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നതിന് മുന്‍പാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഓഫീസ് തകര്‍ത്തത്. വിദ്യാര്‍ത്ഥികളുടെ പഠനം പരിഗണിച്ച് മാത്രമാണ് അനിശ്ചിതകാല സമരം നടത്താത്തതെന്നും ഇവര്‍ പറഞ്ഞു.

സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അസോസിയേഷന്‍ നാലംഗ എത്തിക്‌സ് കമ്മിറ്റി രൂപീകരിക്കും. നെഹ്‌റു കോളേജ് അസോസിയേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ സ്വാഗതം ചെയ്യുന്നു, ഭാരവാഹികള്‍ വ്യക്തമാക്കി.

സ്വാശ്രയ മാനേജ്‌മെന്റ് ആസ്ഥാനം കെഎസ്‌യുക്കാര്‍ തകര്‍ത്തു

മരട്: സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ആസ്ഥാനമായ മരട് വികാസ് നഗറിലെ ഓഫീസ് കെഎസ്‌യു പ്രവര്‍ത്തകര്‍ തകര്‍ത്തു. പാമ്പാടി നെഹ്‌റു കോളേജിലെ സംഭവവും അക്രമവും വിലയിരുത്താന്‍ അസോസിയേഷന്‍ യോഗം വിളിച്ചിരുന്നു.

ഇവിടെയെത്തിയ സമരക്കാര്‍ ഓഫീസ് ബോര്‍ഡ് തകര്‍ത്തു. ചില്ല് മുഴുവന്‍ അടിച്ചു പൊട്ടിച്ചു. ചെടിച്ചട്ടികളും നശിപ്പിച്ചു. അരമണിക്കൂറോളം അക്രമം തുടര്‍ന്നു. ഒന്നരലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick