തിരുവില്വാമല: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പലടക്കം മൂന്നു പേരെ കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ. ശക്തിവേല്‍, അധ്യാപകന് സി. പി. പ്രവീണ്‍, പിആര്‍ഒ സജ്ഞിത് കെ. വിശ്വനാഥന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോളജിലെ കമ്മിഷന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.
ആരോപണമുയര്‍ന്ന മൂന്നു പേരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയാറാണെന്നും എത്രയും പെട്ടെന്ന് ക്ലാസ് ആരംഭിക്കാന്‍ വിദ്യാര്‍ഥികള്‍ സഹകരിക്കണമെന്നും കോളജ് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചന്വേഷിക്കുന്ന പോലീസ് സംഘം കോളേജിലെത്തി കൂടുതല്‍ പേരുടെ മൊഴിയെടുത്തു.
ഇരിങ്ങാലക്കുട എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളേജിലെത്തിയത്. ജിഷ്ണുവിന്റെ സഹപാഠികള്‍, അധ്യാപകര്‍ തുടങ്ങിയവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവെടുപ്പ് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: