ന്യൂദല്‍ഹി: നികുതി പിരിവ് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് തിങ്കളാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായേക്കുമെന്ന് പ്രതീക്ഷ. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നികുതി പങ്ക് വെക്കുന്നത് സംബന്ധിച്ച് നേരത്തെ ചേര്‍ന്ന യോഗങ്ങളില്‍ തീരുമാനത്തിലെത്തുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഏപ്രില്‍ മുതല്‍ നടപ്പാക്കേണ്ട വില്‍പ്പന നികുതി പിരിവ് സംബന്ധിച്ച് തീരുമാനത്തിലെത്തുവാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ചതിന് ശേഷമുള്ള ഒമ്പതാമത്തെ യോഗമാണ് നടക്കുന്നത്. നികുതി പിരിവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചുമതല സംബന്ധിച്ച ഒറ്റ അജണ്ട മാത്രമെ യോഗത്തിലുള്ളു. ജനുവരി 4ന് നടന്ന അവസാന യോഗത്തില്‍ ഒന്നര കോടിയില്‍ താഴെ വരുമാനമുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവിനുള്ള അധികാരം കേന്ദ്രത്തിന് വിട്ട് നല്‍കാനാവില്ലെന്ന കുറച്ച് സംസ്ഥാനങ്ങളുടെ നിലപാടാണ് തീരമാനത്തിലെത്തുവാന് സാധിക്കാതെ വന്നത്. ഈ പ്രശ്നം തിങ്കളാഴ്ചത്തെ യോഗത്തില്‍ പരിഹരിക്കാനാവുമെന്നാണ് ജെയ്റ്റ്ലിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: