കൊല്‍ക്കത്ത: രാജ്യത്തെ ചില ഭാഗങ്ങളില്‍ ഹിന്ദുക്കള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ഹിന്ദുക്കള്‍ സംഘടിതരല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് രൂപീകരിച്ചിരിക്കുന്നത് ആരെയും എതിര്‍ക്കാനല്ല. മറിച്ച് സ്വയം സംഘടിതരാവാനാണ്. ഹിന്ദു സമാജത്തിന് മഹത്തായ ചരിത്രമാണ് രാജ്യത്തുള്ളത്. മഹത്തായ പാരമ്പര്യമുള്ള ഹിന്ദു സമാജത്തിന് എന്തുകൊണ്ട് ഇങ്ങനെയൊരവസ്ഥ വന്നു. രാജ്യത്താകമാനം ഹിന്ദുക്കള്‍ക്ക് സ്വതന്ത്രമായി ആചാരാനുഷ്ടാനങ്ങള്‍ നടത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്. ഹിന്ദുക്കളുടെ മനുഷ്യാവകാശം നടപ്പാക്കുവാന്‍ രാജ്യത്ത് കഴിയാത്തതെന്തുകൊണ്ടാണെന്നും ഭാഗവത് ചോദിച്ചു. കൊല്‍ക്കത്തയില്‍ നടന്ന സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,
ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം ഹിന്ദുക്കള്‍ തന്നെയാണ്, കാരണം അവര്‍ സംഘടിതരും ശക്തരുമാകാത്തതുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടായത്. ഹിന്ദു സമാജം സംഘടിതമായി പ്രവര്‍ത്തിച്ചാല്‍ ആര്‍ക്കും അവരെ തടയാനാവില്ല, ഭാഗവത് പറഞ്ഞു. നേരത്തെ കൊല്‍ക്കത്ത പോലീസ് സമ്മേളനത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെത്തുര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു പരിപാടി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: