കൊച്ചി: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാളെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. അസ്സാം സ്വദേശിയായ പ്യാര് ഹുസൈനെയാണ് (19) അറസ്റ്റ് ചെയ്തത്. 10 പൊതി ഉണങ്ങിയ കഞ്ചാവ്് കണ്ടെത്തിയിരുന്നു. ഒരു പൊതി കഞ്ചാവിന് 500 രൂപനിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തിവരുന്നത്.
പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ്, കെഎസ്ആര്‍ടി സ്റ്റാന്റ് പരിസരങ്ങളില്‍ ബൈക്കില്‍ എത്തുന്ന ചെറുപ്പക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമാണ് കഞ്ചാവ് നല്‍കിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ച എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍ ഡി ടോമി, അജിത്ത് കുമാര്‍, സുരേഷ് ബാബു, റൂബന്‍ എന്നിവര്‍ പട്രോളിംങ്ങില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: