ചെങ്ങന്നൂര്‍: മകരജ്യോതി ദര്‍ശന പുണ്യവുമായി മലയിറങ്ങി വന്ന കന്നട ഭക്തര്‍ ചെങ്ങന്നൂരില്‍ ക്ഷേത്രം വൃത്തിയാക്കി മാതൃകയായി. കഴിഞ്ഞ 20 വര്‍ഷത്തോളമായി ശബരിമല മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന മംഗുളുരു സ്വദേശികളായ അയ്യപ്പ ഭക്തരാണ് മലയിറങ്ങി ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെത്തിയ ശേഷം കിഴക്കേ നടയിലുള്ള ഹനുമാര് കോവിലും പരിസരവും കഴുകി വൃത്തിയാക്കിയത്.
ഗുരുസ്വാമി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ 68 പേരടങ്ങുന്ന ഭക്ത സംഘമാണ് രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന സേവനത്തില്‍ പങ്കെടുത്തത്. ഉപ്പ്, സോപ്പുപൊടി എന്നിവ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ചുറ്റു വിളക്കുകളും പടികളും കഴുകി പുതിയ ശോഭ നല്കി. തുടര്‍ന്ന് നാട്ടുകാരും ഇവരോടൊപ്പം കൂടി. വെള്ളം എത്തിക്കുന്നതിനും പാത്രങ്ങള്‍ നല്‍കുന്നതിനും ഇവര്‍ സഹായിച്ചു.
വിളക്കുകള്‍ കത്തിച്ച് ശരണം വിളിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. നാലാം തവണയാണ് ഈ സംഘം ഇത്തരത്തില്‍ ക്ഷേത്രം വൃത്തിയാക്കുന്നത്. വൈകിട്ട് മഹാദേവ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച രാത്രി ഇവര്‍ തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: