കണ്ണൂര്‍: ശ്രീ നാരായണ കോളേജ് എന്‍സിസിയും യുജിസി ഫണ്ട് ചെയ്യുന്ന ‘ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി ഫോറവും ചേര്‍ന്ന് ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി കോളേജിലെ പെണ്‍കുട്ടികള്‍ക്കായി സെല്‍ഫ് ഡിഫെന്‍സ് ട്രെയിനിങ് (സ്വരക്ഷ പരിശീലന പദ്ധതി) ആരംഭിച്ചു. മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ടില്‍ അധിഷ്ഠിതമായ പരിശീലന പദ്ധതി ഇരുപത് മണിക്കൂര്‍ നീണ്ടു നില്ക്കുന്ന മൊഡ്യൂള്‍ ആയി ആണ് തയ്യാറാക്കിയിരിക്കുന്നത്.
വടകര കേന്ദ്രീകരിച്ചു് പ്രവര്‍ത്തിക്കുന്ന കടത്തനാട് അക്കാദമി ഓഫ് ഇന്‍ഡിജിനസ് മാര്‍ഷ്യല്‍ ആര്‍ട്സ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ചിലെ കളരി ഗുരുക്കന്മാരായ എം.ഇ.സുരേഷും കെ.പി.ചിത്രഭാനുവും കരാട്ടെ പരിശീലകനായ മഹിതന്‍ കെയുമാണ് പരിശീലകര്‍.
കേവലം ശാരീരിക പരിശീലനത്തില്‍ ഒതുങ്ങാതെ കളരി, കരാട്ടെ, യോഗ, ധ്യാനം മുതലായവയില്‍ ഉള്‍ക്കൊണ്ടിട്ടുള്ള മനശ്ശാസ്ത്ര, മാനസിക, കായിക സിദ്ധാന്തങ്ങളും, പ്രമാണങ്ങളും, അഭ്യാസ ശിക്ഷണബോധവും അടങ്ങിയിട്ടുള്ള സമഗ്രമായ പരിശീലന പദ്ധതിയാണിത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ശിവദാസന്‍ തിരുമംഗലത്ത് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ സി.പി.സതീഷ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഡോ.എന്‍.സാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: