തുറവൂര്‍: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നമ്പര്‍ തിരുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലിസ് പിടികൂടി. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പള്ളിത്തോട് കുരിശുങ്കല്‍ വീട്ടില്‍ ആന്റണി (28)യാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പോന്നാം വെളിയില്‍ പുതുതായി തുടങ്ങിയ വിഷ്ണു ലക്കി സെന്ററിലായിരുന്നു യുവാവ് സമ്മാനാര്‍ഹമായ നമ്പര്‍ തിരുത്തിയ ലോട്ടറി ടിക്കറ്റുമായി എത്തിയത്. സ്ത്രീശക്തി ലോട്ടറിയുടെ 1254 എന്ന നമ്പരില്‍ അവസാനിക്കുന്ന ടിക്കറ്റില്‍ സമ്മാനര്‍ഹമായ 1251 എന്ന് തിരുത്തിയാണ് ലോട്ടറിയുമായി ഇയാള്‍ എത്തിയത്.
ആദ്യം ലക്കി സെന്റര്‍ ഉടമ പ്രൈസ് ലിസ്റ്റ് ഒത്ത് നോക്കി സമ്മാനത്തുകയായ 5,000 രൂപ നല്കി. തുടര്‍ന്നു ഇയാള്‍ അടുത്ത ടിക്കറ്റും മാറി തരുമോയെന്നു ചോദിച്ചതില്‍ സംശയം തോന്നിയ വിഷ്ണു ലക്കി സെന്റര്‍ ഉടമ സമീപത്തുള്ള പട്ടണക്കാട് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലിസെത്തി പരിശോധന നടത്തിയപ്പോഴാണ് ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തിയതായി കണ്ടത്. ഇന്നലെ പ്രതിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: