സംസ്കൃതോത്സവം ഗാനാലാപനത്തില്‍ ഒന്നാം സ്ഥാനം(ഹൈസ്കൂള്‍, പെണ്‍കുട്ടികള്‍) നേടിയ എസ്.ജയഗീതക്ക് ഇത് മുത്തച്ഛനുള്ള സമര്‍പ്പണം. പാലക്കാട് പട്ടാമ്പി സിജിഎം ഹയര്‍സെക്കണ്ടറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജയഗീത.
ആലപ്പുഴ കാവാലം സ്വദേശി സുദര്‍ശനന്‍പിള്ളയുടെ അക്ഷരശ്ലോക പാരമ്പര്യം തുടരുന്ന ജയഗീതയ്ക്ക് അതില്‍ സമ്മാനം നേടണമെന്നായിരുന്നു ആഗ്രഹം; മുത്തച്ഛന് സമര്‍പ്പിക്കാന്‍. ജില്ലാ മത്സരത്തില്‍ സംസ്ഥാനത്തേക്ക് യോഗ്യത നേടിയില്ല. ഗാനാലാപനത്തിലും മലയാളം കവിത ചൊല്ലലിലും യോഗ്യത നേടി. ഗാനാലാപനത്തിന് ഒന്നാം സ്ഥാനം. സംസ്ഥാനതലത്തില്‍ ആദ്യവിജയം. കവിതാമത്സരം നാളെയാണ്.
മുത്തച്ഛന്റെ അച്ഛന് സംസ്കൃത അദ്ധ്യാപകനായിരുന്നു. മുത്തച്ഛനും സംസ്കൃതം വശം. ആ പാരമ്പര്യത്തില്‍ സംസ്കൃത ഗാനാലാപനത്തിന് സമ്മാനം നേടിയത് മുത്തച്ഛനുള്ള സമര്‍പ്പണമാണെന്ന് ജയഗീത പറയുന്നു. നാട്ടില്‍ നിന്ന് മുത്തച്ഛന് കൊച്ചുമകളെ ഫോണില്‍ അഭിനന്ദിച്ചു.
പട്ടാമ്പി സംസ്കൃത കോളേജിലെ അദ്ധ്യാപകന് സത്യന് മാഷ് രചിച്ച് ശിവരാമന് നാഗലശ്ശേരി സംഗീതം നല്കിയ ‘ശാലീന സുന്ദരീ’ എന്ന ഗീതമാണ് പാടിയത്. വാടാനാം കുറിശ്ശി ഹൈസ്കൂള്‍ ഹിന്ദി അദ്ധ്യാപിക കുമാരി ഗീതയുടേയും ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന്റെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: