ഹോം » സംസ്കൃതി » 

കേവലാനന്ദം

July 9, 2011

കേവലമായ ആനന്ദമായിരുന്നു പ്രാചീനരുടെ അന്വേഷണ വിഷയം. ഇന്ദ്രിയപരതയെ അവര്‍ അറിവായി അംഗീകരിച്ചിരുന്നില്ല. സ്വപ്നജാഗ്രത്തുക്കള്‍ക്ക്‌ ഒരേ തലം നല്‍കുകയും അവ അറിവല്ലെന്ന്‌ അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു.
ആധുനികന്റെ അറിവാകട്ടെ സ്വപ്ന-ജാഗ്രത്തുക്കളില്‍ മാത്രം അധിഷ്ഠിതവും ഇന്ദ്രിയപരവുമാണ്‌. അതു കൊണ്ടു തന്നെ അതിന്‌ ദാര്‍ശനിക സവിശേഷത കുറയും.
ഉദാഹരണത്തിന്‌ ഏതാണ്ട്‌ മൂന്നു തലമുറയ്ക്കു മുമ്പുള്ളവരുടെ ജീവിത രീതി എങ്ങനെയായിരുന്നെന്ന്‌ പഠിച്ചാല്‍ മതി. അവര്‍ക്ക്‌ മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയുന്ന സ്വഭാവം നന്നെ കുറവായിരുന്നു. അവരുടെ വൈയക്തിക ആവശ്യങ്ങള്‍ പരിമിതങ്ങളായിരുന്നു. ഏതുകാര്യം നടത്തുന്നതിനും കഴിയുന്നത്ര മറ്റുള്ളവരെ നോക്കിയിരിക്കുമായിരുന്നില്ല. ഇന്ദ്രിയപരങ്ങളായ വൈയക്തികഭാവനകള്‍ക്കു വേണ്ടിയല്ല അവര്‍ പണിയെടുത്തതില്‍ ഏറിയ കൂറും. സ്വന്തം പ്രയത്നത്തിന്റെ ഫലം തങ്ങള്‍ കഴിക്കാതിരിക്കുമ്പോള്‍ പോലും അന്യനെ കഴിപ്പിക്കുമ്പോഴായിരുന്നു അവര്‍ സന്തോഷം കണ്ടെത്തിയിരുന്നത്‌.
ഇന്നത്തെ ചിന്തയാകട്ടെ മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം കഴിക്കുമ്പോഴാണ്‌ ആനന്ദം ലഭിക്കുന്നതെന്നും ബന്ധങ്ങള്‍ രൂപപ്പെടുന്നതെന്നും ആയിരിക്കുന്നു. അതിലെ സ്വാര്‍ഥത തന്നെ ബന്ധങ്ങളെ തകര്‍ക്കും. എത്ര സംതൃപ്തമായ ബന്ധത്തിന്റെ ആധിക്യത്തിലും ഒരു പോരായ്മ ദര്‍ശിക്കുവാന്‍ അത്‌ വ്യക്തിയെ പ്രേരിപ്പിക്കും. ഞാന്‍ ചെയ്തതിനു പകരമായി അവന്‍ എനിക്കു തന്നത്‌ പോരാ എന്ന്‌ എല്ലാ രംഗങ്ങളിലുമുള്ളവര്‍ അവകാശങ്ങളുന്നയിച്ച്‌ ദുഃഖിക്കുന്നിടത്തേക്ക്‌ മാനവന്റെ വിദ്യാഭ്യാസവും വിചാരവും വികാരവും എത്തിച്ചേര്‍ന്നിരിക്കുന്നു. ഓരോ വ്യക്തിക്കും തന്റെ ദൃശ്യങ്ങള്‍ തന്നോടു പെരുമാറിയതിന്റെ വേപഥുവും വേവലാതിയുമാണ്‌ അവന്റെ ദുഃഖം.
തന്റെ ആനന്ദത്തിലൂന്നി ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ്‌ തന്റെ പരിമിതികളെ ഉള്‍ക്കൊണ്ടു കൊണ്ട്‌ അവശ്യം വേണ്ട കര്‍മങ്ങള്‍ ചെയ്തു ജീവിക്കുന്നവരുടെ എണ്ണം ഇന്ന്‌ വളരെ വിരളമാണ്‌.
സ്വാമി നിര്‍മലാനന്ദഗിരി

Related News from Archive
Editor's Pick