ഹോം » സംസ്കൃതി » 

സ്വാമി വിവേകാനന്ദന്‍-ഒരിക്കലും ക്ലാവ്‌ പിടിക്കാത്ത തങ്കവിഗ്രഹം

July 9, 2011

പ്രാചീന ഭാരതീയ ഋഷികുല പാരമ്പര്യത്തിന്റെ ആധുനിക വക്താവാണ്‌ സ്വാമി വിവേകാനന്ദന്‍. ഭാരതീയര്‍ സംസ്കാര ശൂന്യരും ഹീനരും വിഗ്രഹാരാധകരും അന്ധവിശ്വാസികളുമാണെന്ന്‌ പാശ്ചാത്യര്‍ സ്വന്തം നാട്ടില്‍ ദുഷ്പ്രചരണം നടത്തിയിരുന്ന കാലത്ത്‌ അവരുടെ നാട്ടില്‍ ചെന്ന്‌ ഭാരത തനിമയുടെ സംശുദ്ധചരിത്രം വരച്ചു കാട്ടിയ മഹാത്മാവാണ്‌ സ്വാമി വിവേകാനന്ദന്‍.
1893ലെ വിശ്വമത മഹാ സമ്മേളനത്തില്‍ തുടങ്ങി നാലു വര്‍ഷം പാശ്ചാത്യ ലോകത്താഞ്ഞടിച്ച വിവേകാനന്ദ സിംഹഗര്‍ജനം അന്നോളം ആരാലും അറിയിപ്പെടാതെ പാരിന്റെ ഏതോ മൂലയില്‍ കഴിഞ്ഞിരുന്ന വിവേകാനന്ദനെന്ന വ്യക്തിയെ വിശ്വമാനവനാക്കി.
ദുഷ്പ്രചരണങ്ങള്‍ക്കു വിധേയരായി ഭാരതത്തെ ഹീനനേത്രങ്ങളോടെ വീക്ഷിച്ചിരുന്ന പാശ്ചാത്യ ജനത അതു കേട്ട്‌ അമ്പരന്നു. കോരിത്തരിച്ചു. കോള്‍മയിര്‍ കൊണ്ടു. അവര്‍ സ്വയം ചോദിച്ചു – ഈ ജ്ഞാനസൂര്യന്റെ നാട്ടിലേക്ക്‌ മതപ്രചരണത്തിന്‌ ചെല്ലും ചെലവും കൊടുത്ത്‌ പാതിരിമാരെ പറഞ്ഞയയ്ക്കുന്ന നമ്മളല്ലേ യഥാര്‍ഥ വിവരദോഷികള്‍ ?
കൊടുക്കാന്‍ മാത്രം കൈനീട്ടിയ പാരമ്പര്യമുള്ള ഭാരതത്തെ കൊള്ളാനും കൈനീട്ടുക എന്ന പരിതാപകരമായ അവസ്ഥയിലേക്ക്‌ ആയിരം വര്‍ഷത്തെ അടിമത്തം കൊണ്ടു ചെന്നെത്തിച്ചു. ഭാരതം ദരിദ്രയാണെങ്കിലും പവിത്രയാണ്‌. “ഞാന്‍ ഭാരതത്തില്‍ നിന്നും തിരിച്ചപ്പോള്‍ ഭാരതത്തെ ബഹുമാനിച്ചിരുന്നു. എന്നാലിന്ന്‌ സര്‍വവിധ ബഹുമാനാദരങ്ങളോടെ ആരാധിക്കുന്നു, പൂജിക്കുന്നു.”
നാലുവര്‍ഷത്തെ വിദേശപര്യടനം കഴിഞ്ഞ്‌ ഭാരതത്തിലേക്ക്‌ തിരിക്കാനൊരുങ്ങുന്ന വിവേകാനന്ദനോട്‌ ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ അദ്ദേഹം കൊടുത്ത മറുപടിയാണിത്‌. കൊള്ളയടിച്ചും കൊലവിളിച്ചും അന്യന്റെ സ്വത്തും ഭൂമിയും കൈക്കലാക്കുന്നതില്‍ അഹങ്കരിച്ചിരുന്നവരെയും അങ്ങനെ ചെയ്യുന്നതില്‍ അഭിമാനം കൊണ്ടിരുന്ന ജനതയെയും ഭാരതത്തിനു വെളിയില്‍ കാണാമായിരുന്നു. എന്നാല്‍ അന്യന്റെ ഒരിഞ്ചു മണ്ണിനു വേണ്ടിയോ സ്വത്തിനു വേണ്ടിയോ ഭാരതത്തിനു പുറത്തേക്ക്‌ ഒരു ചുവടു പോലും വയ്ക്കാത്തവരുടെ നാടാണിത്‌. രാവണ നിഗ്രഹത്തിനു ശേഷം ലങ്കയുടെ ഐശ്വര്യത്തില്‍ ആകൃഷ്ടനായ ലക്ഷ്മണന്‍ ശ്രീരാമനോടു പറഞ്ഞു. “ചേട്ടാ ലങ്കയെ അയോധ്യയുടെ ഭാഗമാക്കാം.” അരുതെന്നായിരുന്നു രാമന്റെ മറുപടി. ഏവര്‍ക്കും അവരവരുടെ മാതൃഭൂമി സ്വര്‍ഗതുല്യമാണ്‌. അതന്യാധീനമാകുന്നത്‌ അസഹനീയവുമാണ്‌. “ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി.” ഇതായിരുന്നു ഭാരതത്തിന്റെ എക്കാലത്തേയും മുദ്രാവാക്യം. ഭാരതത്തിന്റെ സ്വതസിദ്ധമായ മഹിമയെ വിദേശ ജീവിതത്തിനിടയില്‍ വിദേശ സംസ്കാരവുമായി തട്ടിച്ചു തുലനം ചെയ്ത്‌ പൂര്‍ണമായും അതില്‍ ആവേശഭരിതനായാണിങ്ങനെ പറഞ്ഞത്‌. ഭാരതാംബയുടെ വേല ചെയ്യാനായി ഗുരുവായ ശ്രീരാമകൃഷ്ണന്‍ കൂട്ടിക്കൊണ്ടു വന്നതാണ്‌ വിവേകാനന്ദനെ. താന്‍ നേടിയ ആധ്യാത്മികശക്തിക്കൊപ്പം ഉപദേശങ്ങളും നല്‍കി ശ്രീരാമകൃഷ്ണദേവന്‍ തന്റെ സ്വന്തം മൂശയില്‍ വാര്‍ത്തെടുത്ത തങ്കവിഗ്രഹമാണ്‌ ഒരിക്കലും ക്ലാവു പിടിക്കാത്ത സ്വാമി വിവേകാനന്ദന്‍.
ഭാസ്കരന്‍ മാസ്റ്റര്‍, നാട്ടിക

Related News from Archive
Editor's Pick