തൃശൂര്‍: ദേശീയ റോഡ് സുരക്ഷാവാരത്തിന്റെ തുടര്‍ച്ചയായി റോഡ്-സെന്‍സ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാന്‍ അന്താരാഷ്ട്ര അവാര്‍ഡ് നേടിയ പപ്പു സീബ്രയ്ക്കൊപ്പം നാല് കൂട്ടുകാര്‍ കൂടി രംഗത്തെത്തുന്നു. രേഖ, ശ്രദ്ധ എന്നീ രണ്ട് പെണ്‍കുട്ടികളും ജീവന്, സമയ് എന്നീ രണ്ട് ആണ്‍കുട്ടികളുമാണ് പപ്പുവിനോടൊപ്പം കൂട്ടുകാരായി എത്തുന്നത്. റോഡില്‍ പാലിക്കേണ്ട ചിട്ടകളെ രേഖ എന്ന പെണ്‍കുട്ടിയുമായും, റോഡില്‍ നേരിടേണ്ട അവസ്ഥയെ ശ്രദ്ധ എന്ന പെണ്‍കുട്ടിയായും റോഡില്‍ സുരക്ഷിതമാക്കേണ്ട ജീവിതത്തെ ജീവന് എന്ന ആണ്‍കുട്ടിയായും റോഡില്‍ ലാഭിക്കേണ്ട അവസ്ഥയെ സമയ് എന്ന ആണ്‍കുട്ടിയായും അവതരിപ്പിക്കുന്നു.
കേരളപോലീസും ഗതാഗതവകുപ്പും, ഓര്‍ഗ്പീപ്പിള്‍ ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായാണ് പുതിയ റോഡ്-സെന്‍സ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. പപ്പു സീബ്രായുടെ സ്രഷ്ടാവായ ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള തന്നെയാണ് കൂട്ടുകാരായ രേഖയേയും, ശ്രദ്ധയേയും ജീവനേയും സമയയേയും സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 10.30ന് സെന്റ് മേരീസ് കോളേജില്‍ ഇന്ത്യന്‍ ക്രിക്കറ്ററും, സിനിമാതാരവുമായ എസ്.ശ്രീശാന്ത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നാല്‍വര്‍ സംഘം പപ്പുവുമൊത്ത് തോല്‍പ്പാവക്കൂത്തിലൂടെ സമൂഹമധ്യത്തിലേക്ക് ഇറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: