ഹോം » കേരളം » 

ബജറ്റ്‌: പ്രതികരിച്ചവര്‍ക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം

July 9, 2011

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച ബജറ്റ്‌ സന്തുലിതമല്ലെന്ന്‌ പ്രതികരിച്ച കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. സംഘടനക്കകത്തു പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ വെളിപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന്‌ മുതിര്‍ന്ന നേതാക്കള്‍ തന്നെ ആവശ്യപ്പെടുകയാണ്‌. ഇന്നലെ എംഎല്‍എമാര്‍ക്കെതിരെ കേന്ദ്രമന്ത്രി വയലാര്‍ രവിയും കോണ്‍ഗ്രസ്‌ വക്താവ്‌ എം.എം.ഹസനും രൂക്ഷമായ ഭാഷയിലാണ്‌ വിമര്‍ശനം ഉന്നയിച്ചത്‌. എംഎല്‍എമാരുടെ ഇത്തരം നീക്കങ്ങള്‍ മുളയിലേ നുള്ളിക്കളയണമെന്ന്‌ വയലാര്‍ രവി ആവശ്യപ്പെട്ടു.
കേരളത്തില്‍ അവതരിപ്പിച്ചിച്ചിട്ടുള്ളതില്‍ ഏറ്റവും നല്ല ബജറ്റാണ്‌ താന്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന്‌ ധനമന്ത്രി കെ.എം.മാണി അവകാശപ്പെടുമ്പോള്‍ അത്‌ വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടിയാണ്‌. മാണിയുടെ ബജറ്റിന്റെ പ്രഭ കെടുത്തുന്ന വിമര്‍ശനമാണ്‌ എംഎല്‍എമാര്‍ നടത്തിയതെന്ന്‌ എം.എം.ഹസന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ മാത്രമല്ല ഇരുപക്ഷത്തേയും ഒട്ടുമിക്ക എംഎല്‍എമാരും പരാതിക്കാരാണ്‌. ധനമന്ത്രി ബജറ്റ്‌ പ്രസംഗം നടത്തുമ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വച്ചിരുന്നു. ഭരണക്കാര്‍ ബഹളം വച്ചില്ലെങ്കിലും പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ചിലര്‍ പ്രസംഗം ശ്രദ്ധിക്കാതെ സീറ്റു വിട്ട്‌ സഭയില്‍ കറങ്ങി നടക്കാന്‍ പോലും തയ്യാറായി. സ്പീക്കര്‍ പല തവണ ഇത്തരം സമീപനങ്ങളെ ചൂണ്ടിക്കാട്ടുകയും സ്ഥാനത്തിരിക്കാന്‍ എംഎല്‍എമാരോട്‌ ആവശ്യപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. രണ്ടരമണിക്കൂര്‍ കൊണ്ട്‌ ബജറ്റ്‌ പ്രസംഗം തീര്‍ന്നപ്പോള്‍ ധനമന്ത്രിക്ക്‌ മുന്നിലെത്തി പ്രതിഷേധം അറിയിക്കാന്‍ മുതിര്‍ന്നവരില്‍ ഘടകകക്ഷി എംഎല്‍എമാരും ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും കത്തു നല്‍കുമെന്നും ബജറ്റിന്‌ അനുകൂലമായി പ്രസംഗിക്കില്ലെന്നും പരസ്യമായി പറഞ്ഞത്‌ കോണ്‍ഗ്രസിലെ ടി.എന്‍.പ്രതാപനാണ്‌. ബെന്നിബെഹന്നാനും വി.ടി.ബലറാമും പരസ്യപ്രസ്താവന നടത്തുകയും ചെയ്തു.
മൂന്നംഗങ്ങളുടെ ഭൂരിപക്ഷം മാത്രമുള്ള യുഡിഎഫ്‌ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി കാര്യം നേടാനുള്ള ശ്രമം തുടക്കം മുതല്‍ തന്നെ ചില എംഎല്‍എമാര്‍ ആരംഭിച്ചിരുന്നു. ചിലര്‍ക്ക്‌ നേട്ടമുണ്ടാവുകയും ചെയ്തതാണ്‌. ആ വഴിക്ക്‌ നീങ്ങാനുള്ള ശ്രമത്തിനെതിരെയാണ്‌ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ളത്‌. അതേ സമയം കോട്ടയത്തിനും മലപ്പുറത്തിനും കൂടുതല്‍ പരിഗണന നല്‍കിയെന്ന വി.എസ്‌.അച്യുതാനന്ദന്റെ വിമര്‍ശനം വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണെന്ന്‌ വയലാര്‍ രവി പറയുമ്പോള്‍ പരിഗണന നല്‍കിയതില്‍ തെറ്റില്ലെന്ന നിലപാടാണ്‌ മാണിക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കുമുള്ളത്‌. വരും ദിവസങ്ങളില്‍ സജീവ ചര്‍ച്ചയാകുന്ന വിഷയമാണ്‌ ബജറ്റു വഴി പൊതുസമൂഹത്തില്‍ എത്തിയിട്ടുള്ളത്‌.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick