കപടമതേതരവാദികളെ തിരിച്ചറിയുക: ടി.പത്മനാഭന്‍

Saturday 9 July 2011 10:39 pm IST

കണ്ണൂര്‍: മതേതരത്വത്തിന്റെ പേരില്‍ നമ്മുടെ സാംസ്കാരിക-സാഹിത്യ പൈതൃകത്തെ മറക്കുന്ന കപട മതേതരവാദികളെ തിരിച്ചറിയണമെന്ന്‌ പ്രശസ്ത കഥാകാരന്‍ ടി.പത്മനാഭന്‍ പറഞ്ഞു. ബാലഗോകുലം 36-ാ‍ം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തക സമ്മേളനം കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളഭാഷയുടെ ഉന്നമനത്തിനായി തുഞ്ചന്‍പറമ്പില്‍ മലയാള കലാശാലക്കായി സര്‍ക്കാര്‍ ബജറ്റില്‍ ഒരുകോടി രൂപ അനുവദിച്ചത്‌ സ്വാഗതാര്‍ഹമാണ്‌.
എന്നാല്‍ മലയാളഭാഷക്ക്‌ വേണ്ടി ജീവിച്ച മഹാകവി ഉള്ളൂരിന്റെ അനന്തരാവകാശികള്‍ അദ്ദേഹത്തിന്റെ ഭവനം ഒരു സ്മാരകമാക്കുന്നതിന്‌ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന്‌ സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഒരു നപടിയുമുണ്ടായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരെങ്കിലും അതിന്‌ തയ്യാറാകണം. പത്മനാഭന്‍ ആവശ്യപ്പെട്ടു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അതും മലയാളത്തിനുവേണ്ടി സമര്‍പ്പിക്കുമെന്ന്‌ തന്റെ മനോഹരമായ കവിതകളിലൂടെ ഉദ്ഘോഷിച്ച്‌ മലയാള ഭാഷയ്ക്ക്‌ മാല്യങ്ങള്‍ തീര്‍ത്ത കവിയാണ്‌ ഉള്ളൂര്‍. തന്റെ സമകാലീനനായ കുമാരനാശാനെ അദ്ദേഹത്തിന്റെ ജാതിയില്‍പ്പെട്ട വരേണ്യവര്‍ഗ്ഗം തന്നെ വിവാഹകര്‍മ്മങ്ങള്‍ക്കുപോലും ക്ഷണിക്കാതെ അകറ്റിനിര്‍ത്തിയപ്പോള്‍ സ്വന്തം വീട്ടില്‍ ക്ഷണിച്ചുവരുത്തി ഒപ്പമിരുന്നുണ്ട്‌ തന്റെ മകളെക്കൊണ്ട്‌ എച്ചിലെടുപ്പിച്ച മഹാനാണ്‌ ഉള്ളൂര്‍. അങ്ങനെയുള്ള ഉള്ളൂരിനെ മറക്കുന്നത്‌ സ്വന്തം അസ്തിത്വത്തെ നിഷേധിക്കുന്നതിനുതുല്യമാണെന്നും പത്മനാഭന്‍ പറഞ്ഞു.
അതുപോലെ ലോകം മുഴുവന്‍ ഇന്ന്‌ ചര്‍ച്ച ചെയ്യുന്ന ശ്രീപത്മനാഭസ്വാമിയുടെ പേരില്‍ രാജകുടുംബം കേരളസാഹിത്യ അക്കാദമിയില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ്‌ ഇടതുമുന്നണി അധികാരത്തില്‍ വന്ന്‌ എം.മുകുന്ദന്‍ പ്രസിഡണ്ടായപ്പോള്‍ എടുത്തുകളഞ്ഞു. കാരണമന്വേഷിച്ചപ്പോള്‍ അതുസെക്യുലറല്ലെന്നായിരുന്നു മറുപടി. ഇത്‌ തന്നെ പോലുള്ളവരെ ഏറെ വേദനിപ്പിച്ചു. ഇക്കാര്യം ബന്ധപ്പെട്ട വേദികളിലും പിന്നീട്‌ പ്രസിഡണ്ടായ പി.വത്സലയോടും നേരിട്ടുപറഞ്ഞു പുനഃസ്ഥാപിക്കാനാവശ്യപ്പെട്ടെങ്കിലും ഒരുനടപടിയുമുണ്ടായില്ല.
പുതിയ സര്‍ക്കാരെങ്കിലും ഇത്‌ പുനഃസ്ഥാപിക്കണം. സെക്യുലറിസത്തിന്റെ പേരിലാണെങ്കില്‍ എടുത്തുകളയേണ്ടത്‌ എഴുത്തച്ഛന്റെ കൃതികളാണ്‌. ഇവിടുത്തെ സംഗീതവും ശില്‍പങ്ങളും കാവ്യങ്ങളുമൊക്കെ മതപരമല്ലെന്ന്‌ ആര്‍ക്കെങ്കിലും പറയാനാകുമോയെന്നും പത്മനാഭന്‍ ചോദിച്ചു. കേരളത്തില്‍ സ്ഥാപിച്ച സംസ്കൃത സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ്‌ ചാന്‍സലര്‍ ദേവനാഗിരി ലിപിപോലും അറിയാത്ത ആളായിരുന്നു. ഇതേക്കുറിച്ചാക്ഷേപമുയര്‍ന്നപ്പോള്‍ സംസ്കൃത സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ക്ക്‌ സംസ്കൃതമറിയണമെന്ന്‌ എവിടെയാണ്‌ പറഞ്ഞിട്ടുള്ളതെന്നാണ്‌ നമ്മുടെ ഡോ.സുകുമാര്‍ അഴീക്കോട്‌ പറഞ്ഞത്‌. അതോടെ ആക്ഷേപമുന്നയിച്ചവര്‍ക്ക്‌ മറുപടിയില്ലാതായെന്നും ഇത്തരം കാര്യങ്ങളൊക്കെ താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും പത്മനാഭന്‍ പറഞ്ഞു. നേരത്തെ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ പുഷ്പമാല്യം ചാര്‍ത്തിയാണ്‌ പത്മനാഭന്‍ സമ്മേളനത്തിന്‌ തിരിതെളിച്ചത്‌. സ്വാഗതസംഘം ചെയര്‍മാന്‍ സി.വി.രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു. ആര്‍എസ്‌എസ്‌ മുന്‍ അഖിലഭാരതീയ ബൗദ്ധിക്ക്ശിക്ഷണ്‍ പ്രമുഖ്‌ ആര്‍.ഹരി, സഹപ്രാന്തസംഘചാലക്‌ അഡ്വ.കെ.കെ.ബാലറാം, സഹപ്രാന്തപ്രചാര്‍ പ്രമുഖ്‌ വത്സന്‍ തില്ലങ്കേരി, ബാലഗോകുലം സംസ്ഥാന പ്രസിഡണ്ട്‌ എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍, രക്ഷാധികാരി സി.ശ്രീധരന്‍മാസ്റ്റര്‍, ഉപാദ്ധ്യക്ഷന്‍ ടി.വി.രാജന്‍മാസ്റ്റര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. സംസ്ഥാന പൊതുകാര്യദര്‍ശി വി.ഹരികുമാര്‍ സ്വാഗതവും ഉപാധ്യക്ഷന്‍ ഡി.നാരായണശര്‍മ്മ നന്ദിയും പറഞ്ഞു.
സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്നുകാലത്ത്‌ എന്‍.ഹരീന്ദ്രന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അമൃതകൃപാനന്ദപുരി, ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൗദ്ധിക്ക്പ്രമുഖ്‌ ജെ.നന്ദകുമാര്‍, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന്‍, പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരന്‍, ശ്രീദേവി കക്കാട്‌, എം.വി.ദേവന്‍, ഡോ.കൂമുള്ളി ശിവരാമന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന്‌ തെളിനീര്‍ പുസ്തകപ്രകാശനം, സമാദരണസഭ എന്നിവയും നടക്കും. പുതിയ വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതോടെ സമ്മേളനം സമാപിക്കും.
സ്വന്തം ലേഖകന്‍