കുണ്ടറ: നിരവധി മാലമോഷണ കേസിലെ പ്രതിയായ പെരുമ്പുഴ റേഡിയോമുക്ക് ജംഗ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അശ്വതി’വനില്‍ ബിജി മാല പൊട്ടിച്ച് രക്ഷപെടുന്നതിനിടയില്‍ പോലീസ് പിടിയിലായി. കണ്ണനല്ലൂരിലെ ആഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി വടക്കേവിള അസീസ മന്‍സിലില്‍ ഫെമിനയുടെ കുട്ടിയുടെ മാലയാണ് ബിജി തന്റെ കൈവശമുള്ള കട്ടര്‍ ഉപയോഗിച്ച് നാലായി മുറിച്ച് കൈക്കലാക്കി രക്ഷപെടാന്‍ ശ്രമിച്ചത്. കുട്ടിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിക്ക് പിന്നാലെ ബഹളംവെച്ച് ഫെമിന ഓടിയെങ്കിലും ബിജി കുണ്ടറയിലേക്കുള്ള ബസില്‍ കയറി രക്ഷപെടുകയായിരുന്നു. നാട്ടുകാര്‍ കൊട്ടിയം പോലീസില്‍ വിവരം അറിയിക്കുകയും കൊട്ടിയം എസ്ഐ രതീഷിന്റെ നിര്‍ദ്ദേശപ്രകാരം കുണ്ടറ എസ്.ഐ അരുണ്‍ദേവ് പെരുമ്പുഴ പാലപൊയ്കയില് ബസ് തടഞ്ഞ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും ബിജിയുടെ ബാഗില്‍ നിന്ന് പൊട്ടിച്ചെടുത്ത മാല കണ്ടെടുക്കുകയുമായിരുന്നു. കൊട്ടിയത്തും കൊല്ലം ഈസ്റ്റ്, വെസ്റ്റ് ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളില്‍ സമാനകേസുകള്‍ പ്രതിയുടെ പേരിലുണ്ടെന്ന് കൊട്ടിയം, കുണ്ടറ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: