ഹോം » പ്രാദേശികം » വയനാട് » 

അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു

February 14, 2017

ബത്തേരി: കോളിയാടിയില്‍ വീണ്ടും ആനയിറങ്ങിയതില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരു മണിക്കൂര്‍ അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ പുലര്‍ച്ചെ പാല്‍ അളക്കാന്‍ പോയ സുല്‍ത്താന്‍ ബത്തേരി മില്‍ക് സൊസൈറ്റി ജീവനക്കാരന്‍ ബിജു, കോളിയാടി കുരിശിന്റെ സമീപത്ത് ആനയയെ കണ്ട് ഭയന്നോടി. പിന്നീട് നാട്ടുകാരില്‍ പലരും കാട്ടാനയെ കണ്ടു. ഇതോടെ ജനം പരിഭ്രാന്തരായി. ഞായറാഴ്ച പുലര്‍ച്ചെ താളൂരില്‍ കുരുമുളക് പറിക്കുകയായിരുന്ന ഗുണ്ടില്‍പേട്ട സ്വദേശിയെ ആന കുത്തിക്കൊന്നിരുന്നു. പിന്നീട് ബൈക്ക് യാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചു. ആനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാട്ടാന വീണ്ടും ജനവാസ കേന്ദ്രത്തിലെത്തിയതോടെ ആളുകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തുകയായിരുന്നു. സര്‍വകക്ഷി നേതൃത്വത്തില്‍ 11ന് റോഡ് ഉപരോധം ആരംഭിച്ചു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ കറപ്പന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി ടി ചന്ദ്രന്‍, കെ കെ പൗലോസ്, മൊയ്തീന്‍, എബി സംസാരിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick