പീരുമേട്: നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള യൂക്കാലി മരം കടപുഴകി വീണു. വന്‍ദുരന്തം ഒഴിവായത് തലനാരിയ്ക്ക്.
വണ്ടിപ്പെരിയാര്‍ വാളാഡിയിലെ ചെങ്കര റോഡില്‍ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലത്താണ് സംഭവം. ഹൈറേഞ്ചില്‍ കടുത്ത വേനലിനൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് ഇന്നലെ രാവിലെ മരം കടപുഴകിയത്. വലുപ്പമേറിയ മരം റോഡിന്റെ വശത്തേക്കാണ് വീണതെങ്കിലും വാഹനവും കാല്‍നടയാത്രക്കാരും ഇല്ലാതിരുന്നതാണ് അപകടമൊഴിവാക്കിയത്. 105 ഇഞ്ച് വലുപ്പമുള്ള മേഖലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മരമാണ് കാറ്റില്‍ നിലപൊത്തിയത്. ഒരാഴ്ചയായി ജില്ലയില്‍ ആഞ്ഞ് വീശുന്ന കാറ്റ് ജനങ്ങളെ ഏറെ വലയ്ക്കുന്നുണ്ട്. ടൗണില്‍ സ്ഥാപിച്ച നിരവധി ഫ്ളക്സ് ബോര്‍ഡുകളും കാറ്റില്‍ തര്‍ന്നിട്ടുണ്ട്. കൃഷി മേഖലകളേയും ഇത് സാരമായി ബാധിച്ചു. ഏലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ ഭയത്തോടെയാണ് ജോലി നോക്കിയത്. കാറ്റുമൂലം മരങ്ങളുടെ ചില്ല ഒടിയാന്‍ സാധ്യതയുള്ളതിനാല്‍ പലരും ജോലിക്കെത്താറില്ല. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: