കുന്നത്തൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന നെല്‍പ്പരക്കുന്ന് ബണ്ട് റോഡ് ഗതാഗതയോഗ്യമാക്കുക, ബണ്ട് മഴക്കാലത്തിന് മുന്‍പ് ബലപ്പെടുത്തുക, സ്ഥാപിച്ച് കഴിഞ്ഞ് രണ്ട് മാസം മാത്രം പ്രവര്‍ത്തിച്ച ശേഷം മിഴിയടച്ച കാരാളി ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുക, കുടിവെളളക്ഷാമം രൂക്ഷമായ ഭാഗങ്ങളില്‍ ശുദ്ധമായ കുടിവെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
രാവിലെ 11ന് ആരംഭിച്ച സമരം രണ്ട് മണിക്കൂറോളം നീണ്ടു. തുടര്‍ന്ന് പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, മണ്ഡലംപ്രസിഡന്റ് രജ്ഞിത്ത്, സെക്രട്ടറിമാരായ അരുണ്വിജയന്, ഋഷിഗോപന്, ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ഓമനക്കുട്ടന്‍പിള്ള, യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് അഭിലാഷ്, അജി, ജോസഫ്, സതീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: