പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ജാതിവിവേചനം

Thursday 16 February 2017 3:15 pm IST

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ജാതിവിവേചനം നടക്കുന്നതായി നാഡോ (നാഷണല്‍ അലയന്‍സ് ഓഫ് ദളിത് ഓര്‍ഗനൈസേഷന്‍സ്) ആരോപിച്ചു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ 2016 ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞതാണ്. തല്‍സ്ഥാനത്ത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ട്. പുതുതായി വിസിയെ ശിപാര്‍ശ ചെയ്യുവാന്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി ഡോ. നാണു, ജോ. പി.പി. ബാലകൃഷ്ണന്‍, ഡോ. പ്രഭാകരന്‍ എന്നിവരുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ നിന്നും ഒരാളെ നിയമിക്കുന്നതിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. തുടര്‍ന്നുവന്ന ഇടതുപക്ഷ ഗവണ്‍മെന്റ് ഈ റാങ്ക് ലിസ്റ്റില്‍ നിന്നും ആളെ നിയമിക്കുന്നതിന് പകരം പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ ആളെ നിയമിക്കാന്‍ നീക്കം നടത്തുകയാണ്. വെറ്ററിനറി സര്‍വകലാശാലക്കൊപ്പം വിസിയുടെ ഒഴിവുണ്ടായിരുന്ന ഫിഷറീസ് സര്‍വകലാശാലയിലെ നിയമനത്തിനും അന്ന് യുഡിഎഫ് ഗവണ്‍മെന്റ് ശ്രമിച്ചിരുന്നു. ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ഫിഷറീസ് വിസിയെ ലസ്റ്റില്‍ നിന്നും നിയമിക്കുകയും വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ നിയമനം മാത്രം നീട്ടിക്കൊണ്ടുപോവുകയും ചെയ്യുകയാണ്. ഇതില്‍ ദുരൂഹതയുണ്ട്. നിലവിലുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാതെ പുതിയൊരു കമ്മിറ്റി രൂപീകരിക്കുവാനുള്ള കാരണവും വ്യക്തമല്ല. നിലവില്‍ റാങ്ക് ലിസ്റ്റിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയോഗ്യതയില്ലാത്തപ്പോള്‍ പുതിയ ആളെ നിയമിക്കുന്നതിന്റെ കാരണവും അജ്ഞാതമാണ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് ഇതിന് പിന്നിലെന്നും പുതിയ നിയമനത്തിന് തെരഞ്ഞെടുക്കുന്നയാള്‍ മന്ത്രിക്ക് വേണ്ടപ്പെട്ട ആളാണെന്നും നാഡോ ഭാരവാഹികള്‍ പറഞ്ഞു. ഫിഷറീസ് സര്‍വകലാശാല വിസിയായി നിയോഗിച്ചിട്ടുള്ളത് കോണ്‍ഗ്രസ് നേതാവിന്റെ മകനെയാണ്. രാഷ്ട്രീയം നോക്കിയല്ല നിയമനം നടത്തുന്നത് ജാതിയാണ് പ്രശ്‌നമെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ലിസ്റ്റിലുള്ള ഡോ. നാണു, ഡോ. പി.പി. ബാലകൃഷ്ണന്‍ എന്നിവര്‍ പട്ടികജാതിക്കാരാണ്. ലിസ്റ്റ് അട്ടിമറിച്ച് 18 വര്‍ഷം പ്രഫസര്‍മാരായിരുന്ന ഇവരെ മാറ്റി നിര്‍ത്തി പുതിയ കമ്മിറ്റി തെരഞ്ഞെടുക്കുന്നവരെ വിസിയാക്കുന്നതിന് കൃഷിമന്ത്രി നടത്തുന്ന നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ ആണോഎന്നും സര്‍വകലാശാല യുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലെ അംഗമായ സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഇടപെട്ട് തെറ്റ് തിരുത്താത്ത്പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാഡോ സംസ്ഥാന ചെയര്‍മാന്‍ പി.കെ. രാധാകൃഷ്ണന്‍, ജില്ലാ വൈസ്പ്രസിഡന്റുമാരായ പി.ആര്‍. കൃഷ്ണന്‍കുട്ടി, വി.കെ. ബിനു, ജില്ലാജനറല്‍ സെക്രട്ടറി കെ. വേലപ്പന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.