വീറെയ്തി മാണ്ടാര്‍ വിനൈത്തിട്പം വേന്തന്കണ്
ഊറെയ്തി ഉള്ള പ്പടും.
വീറോടു വിരുതാര്‍ന്ന കര്മിഷ്ഠരില് നൃപ-
ന്നേറുമലി, വുലകതിനെ വാഴ്ത്തും.
വീറെയ്തി-മനോദാര്‍ഢ്യത്തോടെ മഹത്വം തെളിയിച്ച്; മാണ്ടാര്‍-മറ്റു കാരണങ്ങളാലും മേന്മയുറ്റവരായ സചിവന്മാരുടെ; വിനൈത്തിട്പം-കര്‍മ്മകുശലത; വേന്തന്കണ്-രാജാവിന്റെ പക്കല്‍; ഊറെയ്തി-സ്നേഹത്തോടെ വളര്‍ത്തുന്നതിനാല്‍; ഉള്ളപ്പടും- (മറ്റു ജനങ്ങളാല്‍) നന്നേ ബഹുമാനിക്കപ്പെടുന്നതായിത്തീരും.
വീറും വിരുതുമുറ്റ കര്മദാര്ഢ്യത്തിന്റെ ഉടമകളായ സചിവന്മാരുടെ പേരില്‍ രാജാവിന് സ്നേഹാധിക്യം ഭവിക്കുന്നു. ആ പ്രത്യേക സ്നേഹവാത്സല്യങ്ങള്‍ക്ക് അര്ഹരാവുന്നതിന്റെ പേരില്‍ ലോകം അവരെ ബഹുമാനിക്കുകയും ചെയ്യുന്നു.
എണ്ണിയ എണ്ണിയാ ങ്കെയ്തുപ എണ്ണിയാര്‍
തിണ്ണിയാര് ആക പ്പെറിന്‍.
എണ്ണുന്നതൊക്കെയും സാധ്യമാം എണ്ണുന്നോര്
തിണ്ണമായ്ച്ചെയുന്നോരെങ്കില്.
എണ്ണിയ-താന്‍ വിചാരിച്ച, കാര്യങ്ങളെല്ലാം; എണ്ണിയാങ്കു-വിചാരിച്ചതുപോലെതന്നെ; എയ്തുപ-സാധ്യമാക്കുന്നു; എണ്ണിയാര്‍-അങ്ങനെ ഉദ്ദേശിക്കുന്നവര്‍; തിണ്ണിയരാകപ്പെറിന്‍-ദൃഢമായ നിശ്ചയത്തോടെ, സമര്‍പ്പണത്തോടെ, ദത്തശ്രദ്ധരായി അതിന് യത്നിക്കുന്നവരാണെങ്കില്.
ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം ദൃഢനിശ്ചയത്തോടെ ചെയ്തുതീര്ക്കുവാന് പ്രാപ്തിയുള്ളവരെ സംബന്ധിച്ചിടത്തോളം. എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതെല്ലാം അവര്‍ക്ക് നേടാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: