ഹോം » കേരളം » 

വിജെടി ഹാളിന് കാവാരികുളം കണ്ടന്റെ പേരിടണം: രാജഗോപാല്‍

 

തിരുവനന്തപുരം: സാംബവസഭ സമുദായാചാര്യന്‍ കാവാരികുളം കണ്ടന്‍ കുമാരന്റെ പേര് അന്നത്തെ പ്രജാസഭയായിരുന്ന വിജെടി ഹാളിന് നല്‍കാന്‍ മുന്‍കൈ എടുക്കുമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. ഇതിനായി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. സാംബവ മഹാസഭയുടെ 102-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവും കാവാരിക്കുളം കണ്ടന്‍ കുമാരന്റെ പ്രജാസഭാ പ്രസംഗത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അയ്യന്‍കാളി ഒരു സ്‌കൂള്‍ പിന്നാക്കക്കാര്‍ക്കായി സ്ഥാപിച്ചു. പിന്നീടുവന്ന കാവാരികുളം കണ്ടന്‍ കുമാരന്‍ 52 സ്‌കൂളുകള്‍ സ്ഥാപിച്ചു. ഇന്ന് നിങ്ങള്‍ അനാഥരല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നാക്കജനവിഭാഗങ്ങള്‍ക്കായി അന്തേ്യാദയപദ്ധതി ആവിഷ്‌ക്കരിച്ച് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നു.

അതുപോലെ കാസര്‍കോട്ടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം ചെയറില്‍ അയ്യന്‍കാളി ചെയറിനും പുറമെ കാവാരികുളം കണ്ടന്‍ കുമാരന്റെ പേരില്‍ മറ്റൊരു ചെയര്‍കൂടി സ്ഥാപിക്കണമെന്നും അതിനുള്ള നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി.എസ്. സുനില്‍കുമാറും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചടങ്ങിന് എത്താതിരുന്നതിനെത്തുടര്‍ന്നാണ് ഒ. രാജഗോപാല്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സാംബവ മഹാസഭാ പ്രസിഡന്റ് കെ.കെ. സോമന്‍, ജനറല്‍ സെക്രട്ടറി പി.കെ. കോന്നിയൂര്‍, ചരിത്രപണ്ഡിതന്‍ പ്രൊഫ. എസ്. കൊച്ചുകുഞ്ഞ്, യുവ സാഹിത്യകാരന്‍ അരുണ്‍ഗോപി, സ്വാഗതസംഘം ചെയര്‍മാന്‍ എസ്. സോമന്‍ എന്നിവര്‍ സംസാരിച്ചു.

കാവാരികുളം കണ്ടന്‍ കുമാരന്റെ ജീവചരിത്രകാരനായ രാമചന്ദ്രന്‍ മുല്ലശേരിയെ ചടങ്ങില്‍ ഒ. രാജഗോപാല്‍ ആദരിച്ചു. സമ്മേളനത്തിനുമുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചശേഷമാണ് പൊതുസമ്മേളനം നടന്നത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick