ദല്‍ഹി സ്‌ഫോടന പരമ്പര: മുഖ്യപ്രതിക്ക് പത്തു വര്‍ഷം കഠിന തടവ്

Sunday 18 June 2017 1:06 am IST

  ന്യൂദല്‍ഹി: ദല്‍ഹിയിലെ സരോജനി നഗറില്‍ 2005ലുണ്ടായ ബോംബ് സ്‌ഫോടന പരമ്പരക്കേസില്‍ മുഖ്യപ്രതി ലഷ്‌ക്കര്‍ ഭീകരനായ താരീഖ് അഹമ്മദ് ധറിന് പത്തു വര്‍ഷം കഠിന തടവ്. മറ്റു രണ്ടു പ്രതികളായ മൊഹമ്മദ് റഫീഖ് ഷാ, മൊഹമ്മദ് ഹുസൈന്‍ ഫസിലി എന്നിവരെ ദല്‍ഹി പാട്യാല ഹൗസ് കോടതി വിട്ടയച്ചു. ധര്‍ 12 വര്‍ഷം തടവില്‍ കഴിഞ്ഞ സാഹചര്യത്തില്‍ വിട്ടയച്ചേക്കും. 2005 ഒക്‌ടോബര്‍ 29നാണ് സരോജനി നഗര്‍, കല്‍ക്കാജി, പഹര്‍ഗഞ്ജ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒന്നിനു പുറമേ ഒന്നായി സ്‌ഫോടനങ്ങള്‍ നടന്നത്. 67 പേരാണ് കൊല്ലപ്പെട്ടത്. 200ലേറെപ്പേര്‍ക്ക് പരിക്കേറ്റു. 2007ല്‍ ധാക്കയില്‍ നിന്നാണ് ധറിനെ പ്രത്യേക പോലീസ് അറസ്റ്റു ചെയ്തത്. ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീകരനായ ധറിനെ അറസ്റ്റിലായി മൂന്നു മാസം കഴിഞ്ഞപ്പോള്‍ തെളിവില്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ് ദല്‍ഹി തീസ് ഹസാരി കോടതി വിട്ടയച്ചിരുന്നു. പിന്നീട് ഫോണ്‍കോള്‍ വിവരങ്ങള്‍ വിശദമായി കണ്ടെത്തി അയാള്‍ ലഷ്‌ക്കര്‍ ഭീകരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്താനായി. തുടര്‍ന്ന് വീണ്ടും അറസ്റ്റു ചെയ്ത് കുറ്റപത്രംം നല്‍കുകയായിരുന്നു. മൂന്നു സ്‌ഫോടനങ്ങളിലും ഇയാള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, ഗൂഡാലോചന നടത്തുക, ആയുധം ശേഖരിക്കുക, കൂട്ടക്കൊല, കൂട്ടക്കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ആദ്യം കോടതി മൂന്നു കേസുകളും ഒന്നിച്ചാക്കിയെങ്കിലും പിന്നീട് മൂന്നു കേസാക്കി. നേരത്തെ ഫറൂഖ് അഹമ്മദ് ബട്‌ലൂ, ഗുലാം അഹമ്മദ് ഖാന്‍ എന്നിവരെ വിട്ടയച്ചിരുന്നു. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നതായിരുന്നു ഇവരുടെ പേരിലുള്ള കേസ്. ഇവര്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയെങ്കിലും ജയിലില്‍ കഴിഞ്ഞ കാലം കണക്കിലെടുത്ത് വിട്ടയക്കുകയായിരുന്നു. ദീപാവലിക്ക് രണ്ടു ദിവസം മുന്‍പായിരുന്നു ഭീകരാക്രമണം. അതിനാല്‍ ചന്തകളിലും ബസുകളിലും വലിയ തിരക്കായിരുന്നു. മാതൃകയായി കുല്‍ദീപ് സിങ്ങ് ആദ്യ സ്‌ഫോടനം നടന്ന് 14-ാം മിനിറ്റിലാണ് ബസില്‍ ഇരിക്കുന്ന അജ്ഞാത വസ്തു കണ്ടക്ടര്‍ ബുദ്ധപ്രകാശ് കണ്ടെത്തിയത്. 50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അദ്ദേഹം ഉടന്‍ ഡ്രൈവര്‍ കുല്‍ദീപ് സിങ്ങിനെ അറിയിച്ചു. ബസ് നിര്‍ത്തിയ ഡ്രൈവര്‍ അജ്ഞാത വസ്തുവടങ്ങിയ ബാഗുമായി ഓടി മാറി ആളില്ലാത്ത സ്ഥലത്തേക്ക് എറിഞ്ഞു. സിങ്ങിന്റെ കാഴ്ച എന്നന്നേക്കുമായി ഇല്ലാതായി. എന്നാല്‍ സിങ്ങിന്റെ ധൈര്യം അനവധി ജീവനുകളാണ് രക്ഷിച്ചത്. അതിനു ശേഷമാണ് സരോജിനി നഗര്‍ ചന്തയില്‍ സ്‌ഫോടനം ഉണ്ടായത്.