ഹോം » വാര്‍ത്ത » ഭാരതം » 

തമിഴ്‌നാട്ടില്‍ നാളെ വിശ്വാസവോട്ടെടുപ്പ്

 

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമി നാളെ വിശ്വാസ വോട്ടു തേടും. നൂറ്റിപതിനെട്ട് എംഎല്‍എമാരുടെ പിന്തുണയാണ് എഐഎഡിഎംകെയ്ക്ക് ഭരണം നിലനിര്‍ത്താന്‍ ആവശ്യം. ശശികല പക്ഷത്തുള്ള എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഇപ്പോഴും കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടരുകയാണ്.

ഒപ്പമുള്ളവരെ കൂടെ നിര്‍ത്താന്‍ പളനിസാമിയും കൂടുതല്‍ പേരെ പറിച്ചെടുക്കാന്‍ പനീര്‍സെല്‍വം ശ്രമം തുടങ്ങി. നാളെ രാവിലെ 11ന് ആണ് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. വിശ്വാസവോട്ടെടുപ്പിന് ശേഷം പളനിസ്വാമിയും മന്ത്രിമാരും പരപ്പന അഗ്രഹാര ജയിലിലെത്തി ശശികലയെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലത്തെ സത്യപ്രതിജ്ഞയ്ക്കുശേഷം എംഎല്‍എമാരെല്ലാം കൂവത്തൂരിലെ റിസോര്‍ട്ടിലേക്കുതന്നെയാണ് വീണ്ടും പോയത്. ഇവിടെ താമസിക്കുന്ന 124 പേരില്‍ 117 പേര്‍ പിന്തുണച്ചാല്‍ പളനിസാമിക്ക് മുഖ്യമന്ത്രിയായി തുടരാം. ശശികല ക്യാമ്പില്‍ ആശങ്കയുണ്ടെങ്കിലും പനീര്‍സെല്‍വം ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാനാകുമെന്ന കണക്കൂകൂട്ടലിലാണ് അവര്‍.

ജയലളിത മരിച്ചതിനാല്‍ നിലവില്‍ അംഗസംഖ്യ 135 ആണ്. ഒരാള്‍ സ്പീക്കര്‍. 124 പേരുടെ പിന്തുണയാണ് എടപ്പാടി പളനിസാമിക്ക്. പനീര്‍സെല്‍വത്തിനു പത്ത് എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിച്ചാല്‍ പോലും അദ്ദേഹത്തിനു രക്ഷയില്ല. എന്നാല്‍ ശശികല ക്യാപില്‍നിന്നു പത്തു പേരെയങ്കിലും അടര്‍ത്തിയെടുത്താല്‍ സര്‍ക്കാരിനെ വീഴ്ത്താം.

അതേ സമയം ശശികലയുടെ ബിനാമി സര്‍ക്കാരിനെതിരെ എല്ലാ നിയോജകമണ്ഡലങ്ങളിലും സമരം തുടങ്ങുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick