ഹോം » വാര്‍ത്ത » 

യു.പിയില്‍ തീവണ്ടി പാളം തെറ്റി:35 മരണം

July 10, 2011

ഫത്തേപ്പൂര്‍ (യു.പി): ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. 100 പേര്‍ക്ക്‌ പരിക്കേറ്റു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. ഹൗറയില്‍ നിന്ന്‌ ദല്‍ഹിയിലേക്ക്‌ പോവുകയായിരുന്ന കല്‍ക മെയിലിന്റെ 13 ബോഗികള്‍ ഫത്തേപ്പൂരില്‍ വച്ച്‌ പാളം തെറ്റുകയായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന്‌ ഹൗറ-ഡല്‍ഹി പാതയില്‍ ഗതാഗതം സ്‌തംഭിച്ചു. ട്രെയിനിന്റെ എമര്‍ജന്‍സി ബ്രേക്ക് കേടായതാണ് ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാളം തെറ്റിയ തിവണ്ടികള്‍ ഒന്നിനു മുകളില്‍ ഒന്നായി ഇടിച്ചു കയറുകയായിരുന്നു.

പളം തെറ്റിയ പതിമൂന്ന് ബോഗികളില്‍ എട്ടെണ്ണം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് റെയില്‍‌വേ അധികൃതര്‍ അറിയിച്ചു. അഞ്ച് പേരെങ്കിലും മരിച്ചുവെന്നാണ് റെയില്‍‌വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും റെയില്‍‌വേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

കാണ്‍‌പൂരില്‍ നിന്നും അലഹബാദില്‍ നിന്നുമുള്ള രക്ഷാ പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. നിരവധി പേര്‍ ബോഗിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശിയ ദുരന്ത നിവാരണ സേനയുടെ സഹായം റെയില്‍‌വേ തേടിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick