ആലുവ: റൂറല്‍ ജില്ലയില്‍ ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ പിടികൂടാന്‍ റൂറല്‍ ജില്ല പോലീസ് കോമ്പിങ് ഓപ്പറേഷന് നടത്തി. ഇതിന്റെ ഭാഗമായി 49 വാറണ്ടുകള്‍ നടപ്പാക്കി. വിവിധ കുറ്റകൃത്യങ്ങളില്‍പെട്ട് ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ പിടികൂടുന്നതിനായി ജില്ല പോലീസ് മേധാവി എ.വി. ജോര്‍ജ്ജിന്റെ ഉത്തരവ് പ്രകാരമാണ് മുഴുവന്‍ സ്റ്റേഷന് അതിര്‍ത്തികളിലും പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെയായിരുന്നു പരിശോധന. വിവിധ കോടതികളില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതും, ഒളിവില്‍ കഴിയുന്നതുമായ നിരവധി കുറ്റവാളികളെ കോമ്പിങ് ഓപ്പറേഷനിലൂടെ പിടിയിലായതായി എസ്.പി അറിയിച്ചു. ആലുവ ഈസ്റ്റ്, പുത്തന്‍കുരിശ്, മൂവാറ്റുപുഴ, വടക്കേക്കര പോലീസ് സ്റ്റേഷന് പരിധികളില്‍ നാലും, ചെങ്ങമനാട്, മുളന്തുരുത്തി, ചോറ്റാനിക്കര, ഊന്നുകല്‍, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ രണ്ടും, പെരുമ്പാവൂരില്‍ ആറും, മുനമ്പം, വരാപ്പുഴ, കുട്ടമ്പുഴ, കാലടി, കുറുപ്പംപടി, രാമമംഗലം, എന്നിവിടങ്ങളില്‍ ഒന്നു വീതവും കുന്നത്തുനാട് അഞ്ചും, കോതമംഗലം, തടിയിട്ടപറമ്പ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും വാറണ്ടുകളാണ് നടപ്പിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: