”സര്‍വദേവമയോ ഹരിഃ”- ശ്രീകൃഷ്ണന് സര്വദേവ മയനാണ്- എന്ന് മഹാഭാരതത്തില്‍ പറയുന്നു. അതായത് ശ്രീകൃഷ്ണനില്‍ എല്ലാ ദേവന്മാരും അധിവസിക്കുന്നുവെന്ന് താല്പര്യം. എല്ലാ ദേവന്മാരും ഭഗവാന്റെ രൂപഭേദങ്ങള്‍ തന്നെയാണ്. എങ്കില്‍ ഇന്ദ്രനെയോ ചന്ദ്രനെയോ ശിവനെയോ ഭജിക്കുന്നവര്‍ ഭഗവാന്റെ ഭക്തന്മാര് തന്നെയായിത്തീരുകയില്ലേ? ഇല്ല എന്നാണ് ഭഗവാന് വ്യക്തമാക്കുന്നത്.
ഓരോരോ ഭക്തന്മാരും പ്രത്യേകം പ്രത്യേകം ആഗ്രഹങ്ങള്‍ ലഭിക്കാന്‍ വേണ്ടി ഓരോരോ ദേവതാ രൂപങ്ങളെ, ശ്രദ്ധയോടെ ശാസ്ത്രവിധിപ്രകാരം ഭജിക്കുന്നു. അതത് ദേവന്മാരുടെ സന്തോഷത്തിനുവേണ്ടി ഹോമം കഴിക്കുന്നൂ, പൂജിക്കുന്നു, വ്രതങ്ങള്‍ അനുഷ്ഠിക്കുന്നു, മന്ത്രങ്ങള്‍ ജപിക്കുന്നു. ആ സകാമഭക്തന്മാര്ക്ക്, അവരുടെ ഇഷ്ടദേവന്മാരോട് തീര്‍ച്ചയായും ശ്രദ്ധയും ഭക്തിയും ഉണ്ട്. അവരുടെ പൂര്‍വജന്മങ്ങളിലെ വാസനയ്ക്ക് അനുസൃതമായി അവര്‍ക്ക് ശ്രദ്ധയും ഭക്തിയും കൊടുക്കുന്നത് ഞാന്‍- ഈ കൃഷ്ണനാണ്.
അവരുടെ ശ്രദ്ധയെയും ഭക്തിയെയും ലേശംപോലും ഇളക്കം തട്ടാതെ നിലനിര്‍ത്തുന്നതും ഞാനാണ്. അവരുടെ അന്യദേവതാ ഭക്തിയെ, അവരില്‍നിന്ന് മാറ്റി, എന്നിലേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുതേ ഇല്ല. ഞാന്‍ അവരുടെ ഹൃദയത്തില്‍ അന്തര്യാമിയായി നിന്നുകൊണ്ടാണ് അവരെ പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുക്കുന്നത്, അവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടുകയില്ല.
ഞാന്‍ മഴയെപ്പോലെ പ്രവര്‍ത്തിക്കുന്നു. ഭൂമിയില്‍ എല്ലാത്തരം വിത്തുകളും മുളയ്ക്കുകയും വളരുകയും ചെയ്യുന്നത് മഴത്തുള്ളികള്‍ അവയില്‍ വീഴുന്നതുകൊണ്ടാണ്, സംശയമില്ല. പക്ഷേ, ഏലത്തെയും കാഞ്ഞിരത്തേയും മാവിനെയും കരിമ്പിനെയും തെങ്ങിനെയും മുളകിനെയും മുളയ്ക്കാനും വളരാനും പ്രത്യേകം ഒരു പ്രേരണയും ചെലുത്തുന്നില്ലല്ലോ. അതുപോലെ ഞാനും മറ്റു ഭക്തന്മാരില് ഒരു പ്രേരണയും കൊടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: