ഷൊര്‍ണൂര്‍: അസാധുവായ പഴയ നോട്ടുകള്‍ റോഡരികില്‍ കീറി വിതറിയ നിലയില്‍ കണ്ടെത്തി. കൂനത്തറ ആരിയങ്കാവു റോഡിനോടു ചേര്‍ന്നുള്ള പാടത്താണ് ഒന്നര ലക്ഷത്തോളം വരുന്ന 500, 1000 രൂപാ നോട്ടുകള്‍ നടുകീറി വിതറിയ നിലയില്‍ കണ്ടെത്തിയത്.
ചിതറിക്കിടക്കുന്ന നോട്ടുകള്‍ വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ജനങ്ങള്‍ തടിച്ചുകൂടുകയും ചെയ്തതതോടെ പോലീസ് സ്ഥലത്തെത്തി . മുറിച്ച നോട്ടുകള്‍ മുഴുവന്‍ ശേഖരിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി എണ്ണിത്തിട്ടപ്പെടുത്തി. പല നോട്ടുകളുടെയും രണ്ടാമത്തെ ഭാഗം ഉണ്ടായിരുന്നില്ല.
കാറ്റില്‍ പറന്നു പോയതാവാമെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ഒന്നര മാസം മുന്നേ ആരിയങ്കാവ് ഗ്രൗഡില്‍ നിന്ന് ഇതുപോലെ 500, 1000 രൂപയുടെ നോട്ടുകള്‍ നടുകീറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു. എസ്ബിഐ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കള്ളനോട്ടല്ലെന്നു സ്ഥിരീകരിച്ചു. ഷൊര്‍ണ്ണൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഇക്കാര്യത്തില്‍ സമഗ്രഅന്വേഷണം ഉണ്ടാകുമെന്നു പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: