ഇരിട്ടി: ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാപ്പിനിശ്ശേരി സ്വദേശികളായ സുനില്‍ (36), റിനീഷ് നാഥന് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ടുമണിയോടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്നും ഇരിക്കൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയും ഇരിക്കൂര്‍ ഭാഗത്ത് നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയും പടിയൂര്‍ ഗോപികുമാര്‍ എസ്റ്റേറ്റ് കയറ്റത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ കാബിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ടു പേരെയും ഓടിക്കൂടിയ നാട്ടുകാര്‍ കാബിന് വെട്ടിപ്പൊളിച്ചു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. ഇരിട്ടിയില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ ജോണ്സണ് പീറ്റരുടെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേനാ പ്രവര്‍ത്തകരും ഇരിക്കൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ലോറികള്‍ തള്ളിനീക്കി വാഹന ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: