പിലാത്തറ: പാണപ്പുഴയ്ക്ക് കുറുകെയുള്ള ചിറക്കാല്‍ നടപ്പാലം അപകടനിലയിലായി. കോണ്‍ക്രീറ്റ് നടപ്പാത തകര്‍ന്നും കൈവരികള്‍ ഇളകിയും കിടക്കുന്ന ഈ പാലത്തിലുടെയുള്ള യാത്ര അപകട ഭീഷണിയുയര്‍ത്തുന്നു.
എര്യം, ആലക്കാട് ഭാഗങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ചുടല ദേശീയ പാതയിലെത്താവുന്ന വഴിയാണിത്. ചിറക്കാല്‍ ഭാഗത്തുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഈ നടപ്പാലം വഴി പണപ്പുഴ പഴയ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിലെത്തിയാണ് പുറം ലോകത്തെത്തുന്നത്. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൊട്ടിപൊളിഞ്ഞ സ്ഥലങ്ങളില്‍ കവുങ്ങിന് തടികള്‍ ഇട്ടിരിക്കുകയാണ്. കൈവരിയില്‍ പിടിച്ചാല്‍ തെന്നി പുഴയിലേക്ക് വീഴുമോ എന്ന് ഭയക്കണം. കാല്‍നടയാത്രക്കുള്ള നടപ്പാലം മാത്രമാണെങ്കിലും ഇരുചക്രവാഹനങ്ങള്‍ ഇതിലൂടെ കുതിച്ചോടുന്നതും പതിവാണ്.ഇത് കുട്ടികള്‍ക്കും മറ്റ് യാത്രക്കാരും ഭീഷണിയായിട്ടുണ്ട്.
മഴക്കാലത്ത് പുഴയില്‍ വെള്ളം നിറയുമ്പോള്‍ ഈ പാലത്തിന് മുകളിലും വെള്ളം കയറുക പതിവാണ്. ഇവിടെ കോണ്‍ക്രീറ്റ് റോഡ് പാലം നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നിറവേറ്റാതെ കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: