ബാലരാമപുരം: ശതാബ്ദി നിറവിലെത്തിയ ബാലരാമപുരം ഹൈസ്കൂളിന്റെ ഒരു വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് ഇന്ന് തിരി തെളിയും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ബാലരാമപുരം പ്ലാവിളാകത്ത് വീട്ടില്‍ എം. ഉമ്മിണിനാടാര്‍ 1917 ല്‍ സ്ഥാപിച്ച വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം പൂര്‍വ വിദ്യാര്‍ഥികളുടെയും പൂര്‍വ അധ്യാപകരുടെയും സഹകരണത്തോടെയാണ് മാനേജ്മെന്റും അധ്യാപകരും ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായ വിളംബര ഘോഷയാത്ര ഇന്നുവൈകിട്ട് മൂന്നിന് ബാലരാമപുരം ജംഗ്ഷനില്‍ നിന്നാരംഭിക്കും. അഞ്ചിന് സ്കൂള്‍ കോമ്പൗണ്ടില്‍ ഐ.ബി. സതീഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
എം. വിന്‍സെന്റ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയന്, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വീരേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്തംഗം വി. ലതാകുമാരി, ഗ്രാമപഞ്ചായത്ത് അംഗം കെ. ശശിധരന്, ഗാന്ധിസ്മാരക നിധി വര്‍ക്കിംഗ് ചെയര്മാന് ഡോ രാധാകൃഷ്ണന്, തിരുവനന്തപുരം ഡിഡിഇ ഷൈന്മോന്, നെയ്യാറ്റിന്‍കര ഡിഇഒ എസ്. പ്രമീളാദേവി, സ്കൂള്‍ മാനേജര്‍ ആര്. ചന്ദ്രബാബു, ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.എ. റഹിം, പൂര്‍വവിദ്യാര്‍ഥി സുപ്രിയാ സുരേന്ദ്രന്, പിടിഎ പ്രസിഡന്റ് നാഗേന്ദ്രന്, വൈസ് പ്രസിഡന്റ് മുഹമ്മദ് അനസ്, ഹെഡ്മിസ്ട്രസ് എന്‍.എസ്. ബെറ്റി, വി. അജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ പൂര്‍വ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനവും ഉണ്ടായിരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: