ലോസ്ഏഞ്ചലസ്: എന്തിനോടു പ്രതികരിക്കുമ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് തന്റേതായ രീതിയുണ്ട്. ഓസ്കര് വേദിയില്‍ തനിക്കെതിരെ ഉയര്‍ന്ന പരിഹാസങ്ങളെക്കുറിച്ചു പറയുമ്പോഴും ട്രംപ് സ്വതസിദ്ധ ശൈലി കൈവെടിഞ്ഞില്ല. പരിഹാസത്തിന്റെ മറ്റൊരു ശരം തിരിച്ചയച്ചു ട്രംപ്.
തന്നെ കളിയാക്കാന്‍ സമയം ചെലവഴിച്ചപ്പോള്‍ അവാര്‍ഡ് വിതരണം തെറ്റിപ്പോയി എന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നല്കിയപ്പോള് സംഭവിച്ച പിശക് മനസില്‍ വെച്ചാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. ലാ ലാ ലാന്‍ഡ് എന്ന ചിത്രത്തിനാണ് അവാര്‍ഡ് എന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മൂണ്‍ലൈറ്റിനാണ് അവാര്‍ഡെന്നു തിരുത്തുകയായിരുന്നു.
ഇതിനെയാണ് ട്രംപ് പരിഹസിച്ചത്. എന്തിനോടും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന ട്രംപ് ഓസ്കറിനെക്കുറിച്ച് പറയാന്‍ ഒരു അഭിമുഖമാണ് തെരഞ്ഞെടുത്തത്. രാഷ്ട്രീയത്തില്‍ അമിതമായി ശ്രദ്ധിച്ചതു കൊണ്ട് അവര്‍ക്ക് അവാര്‍ഡില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഓസ്കര് എന്നാല്‍ ഗ്ലാമര്‍ ലോകം എന്നായിരുന്നു അര്‍ഥം. എന്നാല്‍ ഇത്തവണ ഗ്ലാമറില്‍ നിന്ന് ഓസ്കറിനെ അടര്‍ത്തിമാറ്റി. അതുകൊണ്ടു തന്നെയാണെന്നു തോന്നുന്നു വലിയൊരു തെറ്റും സംഭവിച്ചു. അത് ഏറെ നിരാശാജനകമായിരുന്നു, ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: