തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്ന് പടിയിറങ്ങിയ സുധീരന് ഉപദേശി വേഷത്തില്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം മത്സരിക്കുന്നത് അത്യന്തം അപകടമാണെന്നാണ് ഉപദേശിക്കുന്നത്.
പരസ്പര മത്സരത്തെക്കുറിച്ച് നേതാക്കള്‍ ചിന്തിക്കാന്‍ പോലും പാടില്ലാത്ത കാലമാണിത്. കോണ്‍ഗ്രസ് വലിയ വെല്ലുവിളിയാണ് ദേശീയതലത്തില്‍ നേരിടുന്നത്. നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ കോണ്‍ഗ്രസിന് രക്ഷയുള്ളൂ. നേതാക്കള്‍ വിഘടിച്ചു നിന്നാല്‍ താഴേത്തട്ടില്‍ അണികള്‍ക്കിടയിലും യോജിപ്പുണ്ടാകില്ല. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നും സുധീരന് പറഞ്ഞു. തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ ബൂത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്.
2019 ലെ ദേശീയ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സോണിയയുടെ അനുഗ്രഹത്തോടെ കോണ്‍ഗ്രസ് കേന്ദ്രഭരണത്തില്‍ മടങ്ങിയെത്തുമെന്ന് സുധീരന് പ്രത്യാശിച്ചു. ഏല്‍പ്പിച്ച ചുമതല നീതിപൂര്‍വം നിര്‍വഹിക്കാന്‍ ആരോഗ്യകാരണങ്ങളാല്‍ സാധ്യമാകില്ലെന്നതിനാലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: