ഹോം » പ്രാദേശികം » എറണാകുളം » 

വീട്ടമ്മയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തു

July 10, 2011

മരട്‌: വീട്ടില്‍ തനിച്ചായിരുന്ന വീട്ടമ്മയെ കത്തിമുനയില്‍നിര്‍ത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. വൈറ്റില തൈക്കൂടം ദേവസ്യാറോഡില്‍ പള്ളിക്ക്‌ സമീപത്തുള്ള പാണേക്കാട്‌ വീട്ടില്‍ മാര്‍ഗരറ്റ്‌ (42)ന്റെ ആറര പവന്റെ ആഭരണങ്ങളാണ്‌ കവര്‍ച്ചചെയ്യപ്പെട്ടത്‌ സംഭവത്തിന്റെ നടുക്കത്തില്‍ ബോധം നഷ്ടപ്പെട്ട ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
സംഭവസമയത്ത്‌ മാര്‍ഗരറ്റ്‌ വീട്ടില്‍ തനിച്ചായിരുന്നു. ഭര്‍ത്താവ്‌ വക്കച്ചനും, അയാളുടെ അമ്മപ്ലമേനിയുമാണ്‌ വീട്ടിലെ മറ്റ്‌ അംഗങ്ങള്‍. ഭര്‍ത്താവ്‌ അഞ്ചേമുക്കാലോടെ കൊച്ചിന്‍ പോര്‍ട്ടിലേക്ക്‌ ജോലിക്കുപോയിരുന്നു. അമ്മപ്ലമേനി 6 മണിയോടെപള്ളിയിലേക്കും പോയശേഷമാണ്‌ കവര്‍ച്ചാസംഭവം നടന്നത്‌. പ്രാര്‍ത്ഥനക്ക്‌ പള്ളിയില്‍ പോകാന്‍ തയാറെടുക്കുന്നതിനിടെ വീടിന്റെ പിന്‍വാതില്‍ വഴി അകത്തുകടന്ന മോഷ്ടാവ്‌ സ്ത്രീയെ കത്തികാട്ടിഭയപ്പെടുത്തി ആഭരണങ്ങള്‍ ഊരിയെടുത്തശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ്‌ കരുതുന്നത്‌.
ഭര്‍തൃമാതാവ്‌ പള്ളിയില്‍ നിന്നും 7 മണിയോടെ തിരിച്ചെത്തിയപ്പോള്‍ മാര്‍ഗരറ്റ്‌ വീട്ടില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു എന്നുപറയപ്പെടുന്നു. ബന്ധുക്കളും, പരിസരവാസികളുമെത്തി ഇവരെ ഉടന്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്‌ തൊട്ടുമുമ്പ്‌ വീടിന്റെ പരിസരത്ത്‌ ഒരു മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം കേട്ടതായി ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മപറയുന്നു. പിന്‍വാതില്‍വഴി അകത്തുകടന്നയാള്‍ കത്തികാട്ടിയതോടെ ഭയന്നുവിറച്ച തനിക്ക്‌ പന്നെ എന്തു സംഭവച്ചു എന്ന്‌ ഓര്‍മ്മയില്ലെന്നും അവര്‍ പറഞ്ഞു.
നാലരപവന്റെ സ്വര്‍ണമാലയും രണ്ടുപവന്റെ വളയുമാണ്‌ നഷ്ടപ്പെട്ടിട്ടുള്ളത്‌. പനങ്ങാട്‌ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനനടത്തി. വീട്ടില്‍ അല്‍പം മുളകുപൊടി വിതറിയതായി കണ്ടെത്തിയെന്നും പോലീസ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

Related News from Archive
Editor's Pick