ഹോം » കേരളം » 

മകളുടെ വിവാഹത്തിന് ആര്‍ഭാടമില്ല, സദ്യയില്ല; മാതൃക സൃഷ്ടിച്ച് സൂര്യാ കൃഷ്ണമൂര്‍ത്തി

March 20, 2017

തിരുവനന്തപുരം: സൂര്യാകൃഷ്ണമൂര്‍ത്തി കലയിലും ജീവിതത്തിലും വ്യത്യസ്തനാണ്. ഒരുകൂട്ടം കലാകാരന്മാര്‍ക്ക് ജീവിതോപാധിയായി സൂര്യടീം തയ്യാറാക്കിയതിന് പിന്നിലും സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ഈ ചിന്തയാണ്. വേറിട്ട ആ ചിന്തയാണ് മകളുടെ കല്യാണത്തിനും സൂര്യാകൃഷ്ണമൂര്‍ത്തിയെ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചത്.

മകള്‍ സീതയുടെ വിവാഹത്തിന് ആര്‍ഭാടമില്ല, സദ്യവട്ടങ്ങളില്ല. ഒരു മകള്‍ ജനിച്ചാല്‍ പിതാവ് അവള്‍ക്ക് വേണ്ടി സമ്പാദിക്കുന്നതെല്ലാം കൃഷ്ണമൂര്‍ത്തിയും സമ്പാദിച്ചു. പക്ഷേ സമ്പാദ്യം ആര്‍ഭാടങ്ങള്‍ക്കായി ചെലവിടാന്‍ തയ്യാറല്ല. ഇരുപത് നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനായി ആ തുക നല്‍കിയാണ് ആര്‍ഭാട കല്യാണങ്ങള്‍ക്കെതിരെ പ്രവര്‍ത്തികൊണ്ട് മധുരപ്രതികാരം വീട്ടുന്നത്.

കല്യാണമണ്ഡപവും ആര്‍ഭാടവും ഒഴിവാക്കി മെയ് 12 ന് സ്വന്തം വീട്ടിലെ പൂജാമുറിയിലാണ് വിവാഹം നടത്തുന്നത്. സീതയോടൊപ്പം സിവില്‍ സര്‍വീസ് അക്കാദമിയില്‍ പഠിച്ച ബീഹാറിലെ രാജ്പുത് കുടുംബാംഗമായ ചന്ദന്‍കുമാറാണ് വരന്‍. വിവാഹത്തിന് വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കള്‍ മാത്രം. സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും മെയ് 13,14,15 തീയതികളില്‍ വധുവരുന്മാരെ വീട്ടിലെത്തി അനുഗ്രഹിക്കാം. പക്ഷേ സമ്മാനങ്ങളൊന്നും കയ്യില്‍ കരുതരുത്. പകരം ഇരുവരുടേയും തലയില്‍ കൈവച്ച് അനുഗ്രഹിച്ചാല്‍ മാത്രം മതി. അനുഗ്രഹിക്കാനെത്തുന്നവര്‍ക്ക് പായസം ഒരുക്കക്കും. പ്ലാസ്റ്റിക് ഗ്ലാസ്സ് ഒഴിവാക്കാനായി 200 സ്റ്റീല്‍ ഗ്ലാസ്സും വാങ്ങി. ഈ വിവരങ്ങള്‍ അടങ്ങിയ വിവാഹ ക്ഷണക്കത്ത് ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

സൂര്യാ കൃഷ്ണമൂര്‍ത്തി പഠിച്ച മോഡല്‍ സ്‌കൂള്‍, ആര്‍ട്‌സ് കോളേജ്, കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ തുക നല്‍കുക. നാല് വര്‍ഷത്തെ പഠനാവശ്യത്തിനായാണ് തുക നല്‍കുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ഈ തുക മേലധികാരികള്‍ക്ക് കൈമാറും. സൂര്യാ കൃഷണമൂര്‍ത്തി സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഡിന്നര്‍ ഒഴിവാക്കിയത് അന്ന് കലാകാരന്മാരെ ചൊടിപ്പിച്ചിരുന്നു. ചലച്ചിത്രോത്സവങ്ങളില്‍ ആര്‍ഭാട ഡിന്നറിന് വന്‍തുക ചെലവഴിക്കുന്ന സര്‍ക്കാരിനും പുനഃചിന്തനമാകാമെന്നാണ് ഇത്തരം ആര്‍ഭാട ഡിന്നറുകളില്‍ പങ്കെടുക്കാത്ത കൃഷ്ണമൂര്‍ത്തിയുടെ നിലപാട്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick