ആലപ്പുഴ: അഴിമതിയില്ലാത്ത സമൂഹ സൃഷ്ടിക്കായി വിജിലന്‍സ് തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ഹിറ്റായി. നാടു നന്നാക്കാന്‍ കൂടെ കൂടുന്നോ എന്ന ഫേസ് ബുക്ക് കൂട്ടായ്മയില്‍ ഇതിനകം 16000 പേര് അണിനിരന്നു കഴിഞ്ഞു. വിജിലന്‍സിന്റെ ഗവേഷണ പരിശീലന വിഭാഗത്തിന്റെ ആലപ്പുഴ ഓഫീസാണ് ഫേസ്ബുക്ക് കൂട്ടായമയ്ക്ക് തുടക്കമിട്ടത്.
സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പൊതുജനം നേരിടുന്ന പ്രശ്നങ്ങള്‍,അവര്‍ക്ക് ലഭിക്കുന്ന മികച്ച സേവനങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവയെല്ലാം ഫേസ് ബുക്ക് കൂട്ടായ്മ പങ്കു വയ്ക്കുന്നു. അഴിമതി കേസുകള്‍ പിടിക്കുക എന്നതിനപ്പുറം മികച്ച സേവനം കാഴ്ചവയ്ക്കുന്നവയെ ഗുഡ് ഗവേണന്‍സ് മാതൃകയായി ഉയര്‍ത്തികൊണ്ടു വരാനും ഗവേഷണ-പരിശീലനം വിഭാഗം ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍-പൊതു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായസര്‍വേ തുടങ്ങി. അന്ത്യഘട്ടത്തിലായ സര്‍വേ ഫലം വിജിലന്‍സ് മേധാവിക്ക് നല്‍കും.
പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്കുന്ന ഓഫീസുകളെ പൊതുജന മധ്യത്തില്‍ ഉയര്‍ത്തി കാട്ടാനും ഫേസ് ബുക്ക് കൂട്ടായ്മ ശ്രമിക്കുന്നു. ജനജീവിതത്തെ ബാധിച്ച അഴിമതിക്കെതിരെയുള്ള രൂക്ഷമായ അഭിപ്രായ പ്രകടനങ്ങളാല്‍ സജീവമാണിവിടം. പക്വമായ സമീപനത്തോടെ കാര്യങ്ങളെ നോക്കികാണണമെന്ന അഭ്യര്‍ഥനയുമുണ്ട്. വ്യക്തിഹത്യയും മറ്റും കര്‍ശനമായി ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: