ഇടുക്കി: നെടുങ്കണ്ടം അന്യാര്‍തൊളുവില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടയില്‍ റവന്യൂ സംഘം റെയ്ഡിനെത്തുന്ന വിവരം ചോര്‍ന്നു. ഇന്നലെ രാവിലെയാണ് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പാറമടയിയേക്ക് പുറപ്പെട്ടത്. പാറമടയിലേക്ക് നേരിട്ടുള്ള വഴി ഒഴിവാക്കി കൂട്ടാര്‍ വഴിയാണ് റവന്യൂ സംഘം എത്തിയത്.
ഈ യാത്രാവിവരം പാറമാഫിയ അറിഞ്ഞതിനെത്തുടര്‍ന്ന് മടയില്‍ നിന്നും വാഹനങ്ങളും പാറപൊട്ടിയ്ക്കുന്ന യന്ത്രങ്ങളും മാറ്റി. ഒറ്റ വാഹനം പോലും റവന്യൂ സംഘം എത്തിയ സമയത്ത് പാറമടയില്‍ ഇല്ലായിരുന്നു.
റവന്യൂ വകുപ്പ് പാട്ടത്തിന് നല്കിയ വസ്തുവില്‍ നിന്നാണ് പാറ പൊട്ടിച്ചിരുന്നത്. പാറപൊട്ടിക്കുന്നതിന്റെ കാലാവധി കഴിഞ്ഞിട്ടും വീണ്ടും പൊട്ടിയ്ക്കുന്നതായി റവന്യൂ വകുപ്പിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡിനെത്തിയത്. റവന്യൂ സംഘം എത്തുന്നതിന് തെട്ട് മുമ്പ് വരെ ഇവിടെ പാറപൊട്ടിച്ചിരുന്നു. എങ്ങനെയാണ് റെയ്ഡ് വിവരം ചോര്‍ന്നതെന്ന് അന്വേഷണം നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സര്‍വ്വേ വിഭാഗം ഉദ്യോഗസ്ഥരെക്കൊണ്ട് അനധികൃതമായി പാറ പൊട്ടിച്ച പ്രദേശത്ത് അളക്കാനാണ് റവന്യൂ വിഭാഗം തയ്യാറെടുക്കുന്നത്. അനധികൃതമായി പൊട്ടിച്ച പാറയുടെ തുകയും പിഴത്തുകയും ഉടമയെക്കൊണ്ട് അടപ്പിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: