കട്ടപ്പന: രാജാക്കാട്-കൊന്നത്തടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊന്മുടി ഡാം ടോപ് റോഡ് തകര്ന്നുകിടക്കുവാന് തുടങ്ങിയിട്ട് നാളുകളായി. മഴ പെയ്തതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് റോഡ് തടാകത്തിനു സമമായിരിക്കുകയാണ്.
മൂന്നാറിലും ആനയിറങ്കലിലും എത്തുന്ന വിനോദ സഞ്ചാരികളാണ് പൊന്മുടി, നാടുകാണി, പൊന്മുടി തൂക്കുപാലം എന്നിവിടങ്ങള്‍ കാണുവാനായി എത്തുന്നത്. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥ മൂലം സഞ്ചാരികള്‍ക്ക് സുഗമമായി ഇവിടെ എത്തിച്ചേരാന്‍ സാധിക്കുന്നില്ല. അതിസാഹസികമായി വേണം ഇതിലൂടെ വാഹനം ഓടിക്കുവാന്‍. നിരവധി സ്വകാര്യ ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി യാത്രചെയ്യുന്നത്. റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: