മാഹി: ഫ്രഞ്ച് മീഡിയം കൊണ്ടും ഫ്രഞ്ച് സിലബസ് കൊണ്ടും വ്യത്യസ്തമായ ബ്രവേ പരീക്ഷ കുട്ടികള്‍ക്ക് ആശ്വാസവും ആഹ്ളാദവും നല്കി അവസാനിച്ചു. പോണ്ടിച്ചേരി സംസ്ഥാനത്തെ നാലു ഫ്രഞ്ച് ഹൈസ്കുളിലെ ത്രോസ്യാം എന്നറിയപ്പെടുന്ന പത്താം തരം വിദ്യാര്‍ഥികളാണ് ബ്രവേ എലൈമാന്തേറെന്ന പൊതുപരീക്ഷയെഴുതിയത്.
മാര്‍ച്ച് പതിനഞ്ചിനു തുടങ്ങിയ ബ്രവേ പരീക്ഷ, ഇംഗ്ളീഷ്, ഹിസ്റ്ററി, ജ്യോഗ്രഫി, സയന്‍സ്, കണക്ക്, ഫ്രഞ്ച് ഓര്ത്തോഗ്രാഫ്, ഡിക്റ്റേ്ഷന് എന്നിങ്ങനെ ആറു വിഷയങ്ങളിലാണ് നടന്നത്.
പോണ്ടിച്ചേരിയില്‍ നടക്കുന്ന കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ ഉത്തരക്കടലാസ് വിലയിരുത്തും. ഓരോ വിഷയത്തിലും അമ്പതു ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ കുട്ടികള്‍ തുടര്‍ന്ന് വാചാ പരീക്ഷക്ക് ഹാജരാകണം. ഒപ്പം കലാപഠനം, കായിക പഠനം, തുന്നല്‍ പരിശീലനം എന്നിവയിലെ മികവും വിലയിരുത്തും.
മയ്യഴിയിലെ ഏക ഫ്രഞ്ച് സ്കുളിലെ ആറു കുട്ടികളാണ് ഇത്തവണ ബ്രവേ എഴുതുന്നത്.ഏറെ പ്രയാസം അനുഭവപ്പെടാറുളള ഫ്രഞ്ച് ഡിക്റ്റേഷനടക്കം എല്ലാ വിഷയങ്ങളിലും ചോദ്യക്കടലാസുകള്‍ ആശ്വാസകരവും സംതൃപ്തി നല്‍കുന്നതുമായിരുന്നെന്ന് വിദ്യാര്‍ത്ഥികളായ ശിവദ, ആതിര, ഐസം, ഉത്രജ്, ഫവാസ്, ശിവദര്ശന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: