ശ്രീകണ്ഠാപുരം: ആദിവാസി കോളനിയിലേക്കുള്ള റോഡ് പളളി അധികൃതര്‍ കമ്പിവേലി കെട്ടി തടഞ്ഞതായി പരാതി. കരയത്തുംചാല്‍ അംബേദ്കര്‍ ആദിവാസി കോളനിയിലേക്കുളള റോഡും വഴിയുമാണ് പ്രദേശത്തെ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ കമ്പിവേലി കെട്ടി തടഞ്ഞത്. 1965 മുതല്‍ നടപ്പാതയായും പിന്നീട് റോഡായും ഉപയോഗിച്ചിരുന്നതാണ് ഈ വഴി. നിലവില്‍ മറ്റൊരു സ്ഥലത്തിന്റെ അതിരോട് ചേര്‍ന്ന് നാമമാത്ര സ്ഥലം വിട്ട് കമ്പിവേലി കെട്ടിയതിനാല്‍ ഇതുവഴി നടന്നുപോകുമ്പോള്‍ കമ്പിവേലിയുടെ മുള്ള് ശരീരത്തില്‍ തറച്ച് പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതുകൂടാതെ വസ്ത്രങ്ങള്‍ കീറുന്നതും പതിവാണ്. പന്ത്രണ്ടോളം ആദിവാസി കുടുംബങ്ങളിലായി നൂറോളം പേര് ഇവിടെ കഴിയുന്നുണ്ട്. രോഗം വന്ന് തളര്‍ന്നുവീണാല്‍ ആശുപത്രിയിലേക്ക് എടുത്തുകൊണ്ടുപകാന് പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മൂത്തേടത്ത് കല്യാണിയെന്ന കോളനിവാസിയായ സ്ത്രീ തളര്‍ന്നുവീണിട്ട് പ്രാഥമിക ചികിത്സ പോലും നല്കാന് കോളനിവാസികള്‍ക്ക് കഴിഞ്ഞിട്ടില്ല. കരയത്തുംചാല്‍ ഗവ യുപി സ്കൂളിലേക്ക് കോളനിയിലെ കുട്ടികള്‍ കടന്നുപോകുന്ന വഴിയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പളളി അധികൃതര്‍ കമ്പിവേലി കെട്ടി അടച്ചത്. പള്ളി വികാരിയുമായും പള്ളി ഭാരവാഹികളുമായും കോളനിവാസികള്‍ സംസാരിച്ചെങ്കിലും അടച്ച കമ്പിവേലി മാറ്റുകയില്ലെന്നും വാഹനങ്ങളും മറ്റും ഇതുവഴി പോകാന്‍ അനുവദിക്കുകയില്ലെന്ന ഉറച്ച നിലപാടിലാണ് പളളി അധികൃതര്‍. വര്‍ഷങ്ങളായി വാഹനങ്ങള്‍ കോളനിയിലേക്ക് പോകുന്ന വഴി കമ്പിവേലി കെട്ടി അടച്ച നടപടി ഏറെ വിവാദമായിട്ടുണ്ട്. ശ്രീകണ്ഠാപുരം പോലീസില്‍ കോളനി വാസികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പിവേലി പൊളിച്ചുമാറ്റാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതിന് പുല്ലുവില പോലും പളളി അധികൃതര്‍ കല്‍പ്പിച്ചില്ല. ആദിവാസി കോളനിയിലേക്കുള്ള വഴിമുട്ടിച്ച നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കോളനിവാസികളുടെ തീരുമാനം.
സംഭവത്തില്‍ ബിജെപി പട്ടികജാതി പട്ടികവര്‍ഗ്ഗ മോര്‍ച്ച ശക്തമായി പ്രതിഷേധിച്ചു. കോളനിയിലേക്കുള്ള വഴി കമ്പിവേലി കെട്ടി അടച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും വഴി എത്രയും വേഗം തുറന്നുകൊടുക്കണമെന്നും എസ്സി എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍ അധികൃതരോടാവശ്യപ്പെട്ടു. സംഭവസ്ഥലം ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, എസ്സി എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു, കുട്ടികൃഷ്ണന്, ശ്രീജിത്ത് ഉരുവച്ചാല്‍, രഞ്ചിത്ത്, അനീഷ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: