കണ്ണൂര്‍: ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സുപ്രധാന പങ്കാണുള്ളതെന്ന് മേയര്‍ ഇ.പി.ലത പറഞ്ഞു. ലോകജലദിനത്തിനോടനുബന്ധിച്ച് കണ്ണൂര്‍ കോര്പ്പറേഷന് നഗര സിഡിഎസ്സിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വരൂ ദാഹമകറ്റാം- ജലസംരക്ഷണ ക്യാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മേയര്‍.
പ്രകൃതിയെ മാനിക്കാതെയും ഭാവിതലമുറയ്ക്ക് വേണ്ടി കാത്തു വെക്കാതെയുമുള്ള ജലചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതും ജീവന്റെ നിലനില്പിനെത്തന്നെ ബാധിക്കുന്നതുമാണ്. കുടുംബശ്രീക്ക് ജലസംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ മാതൃകയാകാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ജില്ലയിലെ 87 കുടുംബശ്രീ സി.ഡി.എസ്സുകളിലും ലോകജലദിനത്തിന്റെ ഭാഗമായി ജലകിയോസ്കുകള് സ്ഥാപിക്കുമെന്നും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മേയര്‍ പറഞ്ഞു.
കോര്പ്പറേഷന് പരിസരത്ത് ലോകജലദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് വെള്ളോറ രാജന് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സിഡിഎസ് മെമ്പര്‍ സെക്രട്ടറി പി.ആര്.സ്മിത ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കോടുത്തു. കുടുംബശ്രീ ജില്ലാമിഷന് അസി കോ-ഓര്‍ഡിനേറ്റര്‍മാരായ സോമശേഖരന്‍, സലാം, കോര്പ്പറേഷന് കൗണ്‍സിലര്‍ ബീന, സോണല്‍ സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍മാരായ ശ്രീഷ്മ, റോജ, വിമല, കണ്ണൂര്‍ സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ പത്മാവതി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: