മാവേലിക്കര: ചെറുകോല്‍ ശുഭാനന്ദാശ്രമ മഠാധിപതി സദാനന്ദസിദ്ധ ഗുരുദേവന്റെ സമാധിയിരുത്തല്‍ ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ചടങ്ങുകള്‍ ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് സമാധിയിരുത്തിയത്. രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകളും പുഷ്പാര്‍ച്ചനയും നടന്നു.
സമാധിയിരുത്തല്‍ ചടങ്ങുകള്‍ക്കുള്ള പ്രാര്‍ത്ഥനകളും പൂജകളും നിയുക്ത മഠാധിപതി സ്വാമി ദേവാനന്ദന്റെ കാര്‍മികത്വത്തില്‍ നടന്നു. ശുഭാനന്ദ മഠത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്ന ഗുരുദേവന്റെ ഭൗതീകശരീരം മൂന്നുമണിയോടെ സന്യാസിമാരുടെ നേതൃത്വത്തില്‍ സമാധി മണ്ഡപത്തിലേക്ക് എത്തിച്ച് വലംവച്ച ശേഷം കിഴക്ക് ദര്‍ശനമാക്കിയാണ് സമാധിയിരുത്തിയത്. തുടര്‍ന്ന് അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് പൊതിഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ 1.22 നായിരുന്നു അന്ത്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ കെ.കെ. രാമചന്ദ്രന്‍നായര്‍, ആര്. രാജേഷ്, രാജുഎബ്രഹാം, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: