കണ്ണൂര്‍: ജെസിഐ സോണ്‍ 19ന്റെ പരിധിയില്‍ വരുന്ന കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലയില്‍ നൂറു സ്കൂളുകളില്‍ സൗജന്യമായി വാട്ടര്‍ പ്യൂരിഫെയര്‍ യൂനിറ്റ് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 60 ബ്രാഞ്ചുകള്‍ക്കു കീഴിലുള്ള സ്കൂളുകളിലാണു പദ്ധതി നടപ്പാക്കുന്നത്. രാജ്യമാകെ നടപ്പാക്കുന്ന സുജല്‍ പദ്ധതിയുടെ ഭാഗമായാണു വിദ്യാലയങ്ങളില്‍ ശുദ്ധജലം ഉറപ്പാക്കാന്‍ ആര്‍ഒ, യുവി, എംഎം സംവിധാനങ്ങളടങ്ങിയ വാട്ടര്‍ പ്യൂരിഫെയര്‍ യൂനിറ്റുകള്‍ നല്‍കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ സ്കൂളുകളില്‍ ശൗചാലയങ്ങള്‍ ജെസിഐ നിര്‍മിച്ചു നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്കൂളുകളെ ഏറ്റെടുത്ത് അവയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന വണ്‍ ലോവണ് സ്കൂള്‍ പദ്ധതിയും ജെസിഐ നടപ്പാക്കി വരുന്നുണ്ടെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്.സതീഷ് ബാബു പറഞ്ഞു. സോണ്‍ പ്രസിഡന്റ് ദിലീപ് ടി.ജോസഫ്, കെ.വി.സുധീഷ്, ഷമീര്‍ ഇഞ്ചിക്കല്‍, കെ.പി.രജിത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: