ഹോം » കേരളം » 

പകര്‍ച്ചപ്പനി: പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി

July 11, 2011

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്‌ ആരോപിച്ച്‌ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.

പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന്‌ പ്രമേയത്തിന്‌ അനുമതി തേടിയ തിലോത്തമന്‍ എം.എല്‍.എ ആരോപിച്ചു. സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് പോലും പനി ബാധിച്ച് ബജറ്റവതരണം പോലും കേള്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ആലപ്പുഴ ജില്ലയില്‍ മാത്രം 338 ഡോക്ടര്‍മാരില്‍ 66 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം പോലും കാര്യക്ഷമമല്ലെന്നും തിലോത്തമന്‍ ആരോപിച്ചു. എന്നാല്‍ പനി തടയുന്നതിന്‌ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ പനി നിയന്ത്രണ വിധേയമാണെന്നും അടിയന്തരപ്രമേയത്തിന്‌ മറുപടി പറഞ്ഞ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ പറഞ്ഞു. ഇത്തവന പനി ബാധിതരുടെ എണ്ണം വളരെ കുറവാണ്.

പനി പടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്താതെ മുങ്ങി നടക്കുന്ന ഡോക്ടര്‍മാര്‍ സര്‍വീസില്‍ ഉണ്ടാകില്ല. പി.എസ്‌.സി വഴി ഡോക്ടര്‍മാരെ നിയമിക്കുന്നതില്‍ കാലതാമസുണ്ടാകുമെന്നതിനാല്‍ വാക്‌ ഇന്‍ ഇന്റര്‍വ്യൂ നടത്താന്‍ ഡി.എം.ഒമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ്‌ അറിയിച്ചു.

എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയായിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick