കൊച്ചി: ഹിന്ദു ഐക്യത്തിലൂടെ ഹൈന്ദവ ശാക്തീകരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹിന്ദു ഐക്യവേദി നടത്തുന്ന പ്രവര്‍ത്തനം മത ന്യൂനപക്ഷങ്ങള്ക്കെതിരെല്ലെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന് പറഞ്ഞു. ലോകത്തുള്ള എല്ലാ വൈവിദ്ധ്യങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഹിന്ദുക്കള്‍ക്ക് മാത്രമാണെന്നും അതിതീവ്രഹിന്ദു നിലപാടുകള്‍ ആത്യന്തികമായി ഹൈന്ദവ ഐക്യത്തെ തകര്‍ക്കുവാനെ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. രാധാകൃഷ്ണന്.
സമൂഹ മാധ്യമങ്ങളിലൂടെ അതിതീവ്രനിലപാടുകള് പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണം. കലവറയില്ലാത്ത സ്നേഹം കൊണ്ട് ഹിന്ദുസമൂഹത്തില്‍ പരിവര്‍ത്തനം വരുത്തണം. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് ശക്തമായ പ്രതികരണങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണമാകുന്നത്. ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും വ്യാപിപ്പിക്കുവാന്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയമായ വിജയംകൊണ്ട് എല്ലാം സാധിക്കുമെന്ന് കരുതരുതെന്നും രാധാകൃഷ്ണന് പറഞ്ഞു.
ഹിന്ദുസമൂഹം നിരവധി വ്യത്യസ്തതകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും അഭിപ്രായങ്ങളും നിലനില്‍ക്കുന്ന സമൂഹമാണ്. ഇത്തരത്തിലുള്ള സമൂഹത്തെ ഒറ്റ സമൂഹമാക്കി മാറ്റുകയെന്നത് ശ്രമകരമാണ്. ഹിന്ദുസമൂഹത്തെ നമുക്ക് കലവറയില്ലാതെ സ്നേഹിക്കാന്‍ സാധിച്ചാല്‍, ഹിന്ദുഐക്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ സാധിക്കും. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ വിജയങ്ങളില്‍ മതിമറക്കേണ്ട കാര്യമില്ല. ഹിന്ദുഐക്യം സഫലമായില്ലെങ്കില്‍, ഹിന്ദുസമൂഹം ശാക്തീകരിക്കപ്പെട്ടില്ലെങ്കില്ഇതെല്ലാം ക്ഷണികങ്ങളാണ്. കേരളത്തില്‍ അത് നേടിയെടുക്കേണ്ടത് നമ്മളാണ്. സ്നേഹംകൊണ്ട് ഹിന്ദുഐക്യം സാക്ഷാത്കരിക്കാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ അഡ്വ.വി.എന്‍ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. എം.കെ കുഞ്ഞോല്‍, ആര്.വി.ബാബു, കെ.പി സുരേഷ്, ഡോ.ശാന്താകുമാരി, ഷീജ ബിജു, സാവിത്രി ശങ്കരന്, ക്യാപ്റ്റന്‍ സുന്ദരം, കെ.വി. ശിവന്, കെ.പി ശശികല, കെ.ആര് രമേശന്. ആ ഭാ ബിജു, പി.സി ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: