മരണകാലത്ത് ഹൃദയത്തില്‍ നിറഞ്ഞുനില്ക്കുന്ന വസ്തുവിന്റെ രൂപമാണ്, അടുത്ത ജന്മത്തില് ജീവാത്മാവിന് ലഭിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ രൂപമാണ് മനസ്സില്‍ നിറഞ്ഞും സ്ഥിരമായും നില്ക്കുന്നതെങ്കില് ഭഗവാന്റെ സ്വരൂപത്തിന് തുല്യമായ സച്ചിദാനന്ദമയമായ ദിവ്യദേഹം തന്നെ കിട്ടും. അന്ത്യകാലത്ത് ഭഗവദ് ഭാവനയുണ്ടാവണമെങ്കില് അതിന് മുമ്പ് നിരന്തരം ഭഗവദ് ചിന്തനം ചെയ്യണം!. ഭൗതികകാര്യങ്ങളില്‍ മുഴുകി നില്ക്കുന്ന മനുഷ്യന് അതെങ്ങനെ സാധിക്കും: പറയുന്നു-
മാ മനുസ്മര, യുദ്ധ്യ ച
മനസ്സിന്റെ സ്വഭാവം സങ്കല്പിക്കുക എന്നതാണ്, ബുദ്ധിയുടെ സ്വഭാവം തീരുമാനം എടുക്കുകയെന്നതാണ്. ഈ രണ്ടുകാര്യങ്ങളും ഭഗവാനില്‍ സമര്‍പ്പിക്കപ്പെടും വിധത്തില്‍ ആക്കി മാറ്റുക. സാധാരണ നിലയില്‍ യുദ്ധം എന്ന പ്രവൃത്തി അതി ക്രൂരമാണ്, ശാസ്ത്രനിഷിദ്ധമായതുമാണ്. ഗുരു-ബന്ധു ജനങ്ങളെ വധിക്കുകയെന്നത് അതിനീച കര്‍മ്മവുമാണ്. അത് എന്റെ കര്‍മ്മമാക്കി മാറ്റണം, എന്റെ സന്തോഷത്തിനുവേണ്ടി ചെയ്യണം, മറ്റൊരു ഫലവും ആഗ്രഹിക്കരുതെന്നാണ് ഭഗവാന് ആദ്യമേ തന്നെ ഉപദേശിച്ചുകൊണ്ടിരുന്നത്. അര്ജ്ജുനന് ക്ഷത്രിയനാണ്, ക്ഷത്രിയന്റെ ധര്‍മ്മത്തില്‍ പെട്ടതാണ് യുദ്ധം, അതുകൊണ്ട് യുദ്ധം ചെയ്തു. എന്റെ അവതാരോദ്ദേശം നടപ്പാക്കുന്നതില്‍ പങ്കാളിയായിത്തീര്‍ന്ന്, എന്റെ ഭക്തനാവൂ!. ഇതാണ് ഭഗവാന് അര്‍ജ്ജുനനോട് ഈ ശ്ലോകത്തിലും പറയുന്നത്. എപ്പോഴും ഭഗവാന്റെ കാര്യമാണ് ഞാന്‍ ചെയ്യുന്നത് എന്ന ചിന്തയോടെ ചെയ്താല്‍ ആ ചിന്ത എന്നോട് ബന്ധപ്പെട്ടതായി മാറി, ഭഗവദീയ കാര്യമായി മാറി. യുദ്ധത്തില്‍ മരിക്കുകയാണെങ്കില്‍ പോലും എന്നെ ചിന്തിച്ചുകൊണ്ട് മരിക്കാം, എന്റെ പദം പ്രാപിക്കാം.
ഭഗവാന് നമ്മോട് പറയുന്നത് ഇതുതന്നെയാണ്. സന്ധ്യാവന്ദനം തുടങ്ങിയ വൈദിക കര്‍മ്മങ്ങളോ, വര്‍ണാശ്രമ ധര്‍മ്മങ്ങളോ, അശ്വമേധാദി യാഗങ്ങളോ ചെയ്യുന്നുവെങ്കില്‍ എന്റെ തന്നെ ആരാധനയായി ചെയ്യൂ. ഇതൊക്കെ അനുഷ്ഠിക്കാന്‍ ആര്‍ക്കാണ് സമയവും സൗകര്യവും മനസ്സുമുള്ളത്. ദ്രവ്യശുദ്ധിയോടെ, കര്ത്തൃശുദ്ധിയോടെ, സ്ഥല ശുദ്ധിയോടെ ഇപ്പറഞ്ഞ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആര്‍ക്കാണ് സാധിക്കുക?. പ്രത്യേകിച്ചും ഈ കലികാലത്തില്‍?
വേണ്ട; നിങ്ങള്‍ ശാരീരിക കര്‍മ്മങ്ങളും ജീവിതത്തില്‍ ഒഴിച്ചുകൂടാത്ത കര്‍മ്മങ്ങളും ചെയ്യുന്നില്ലെ?.
രാവിലെ ഉണരുക, പല്ലുതേയ്ക്കുക, കുളിക്കുക, ഭസ്മ ചന്ദനാദികള്‍ ധരിക്കുക, ആഹാരം കഴിക്കുക, വസ്ത്രങ്ങള്‍ ധരിക്കുക, ജോലി ചെയ്യുക, ധനം സമ്പാദിക്കുക, വിവാഹം കഴിക്കുക, ഗൃഹം നിര്‍മ്മിക്കുക, യാത്ര ചെയ്യുക, രോഗം വന്നാല്‍ ചികിത്സിക്കുക മുതലായവ ചെയ്യുന്നില്ലെ? ഇവയെല്ലാം എന്നില്‍ സമര്പ്പിതമാക്കും വിധത്തില്‍ ചെയ്യാന്‍ കഴിയുക. ഇതാണ് ഭഗവാന് ‘യുദ്ധ്യ ച’ എന്ന് ചകാരം കൊണ്ട് സൂചിപ്പിക്കുന്നതെന്ന് ഭക്തന്മാര് പറയുന്നു.
(ഇതെങ്ങനെ ചെയ്യണം?. അപ്രായോഗിക വശം വലിയ വിഷയമാണ്. അത് പിന്നീടെഴുതാം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: