ന്യൂദല്‍ഹി: രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 2020 ആകുമ്പോഴേക്കും 73 കോടി ആകുമെന്ന് നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് ആന്‍ഡ് സര്‍വീസസ് കമ്പനീസ്(നാസ്കോം) റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കേന്ദ്ര വിവരവിനിമയ മന്ത്രി മനോജ് സിന്‍ഹ രാജ്യസഭയില്‍ അറിയിച്ചു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 39 കോടി ഇന്റര്‍നെറ്റ് വരിക്കാരാണ് ഇന്ത്യയിലുള്ളത്. വിവിധ ടെലികോം സേവനദാതാക്കള്‍ക്ക് 2016 ഒക്ടോബറില്‍ നടന്ന ലേലത്തില്‍ 965 മെഗാഹേര്ട്ട്സ് സ്പെക്ട്രം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് 3ജി, 4ജി സേവനങ്ങള്‍ നല്കി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ടെലികോം സേവന ദാതാക്കളെ പ്രാപ്തരാക്കും.
ഗ്രാമ പ്രദേശങ്ങളില്‍ 100 എംബിപിഎസ് സ്പീഡില്‍ ബ്രോഡ്ബ്രാന്‍ഡ് സൗകര്യം എത്തിക്കുന്നതിന് ഭാരത്നെറ്റ് പ്രൊജക്ടും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: