മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ട് - വി.എസ്

Monday 11 July 2011 4:41 pm IST

തിരുവനന്തപുരം: മൂന്നാറില്‍ കൈയേറ്റം നടത്തിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കില്ലെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന ഇതാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച സ്യൂട്ടുകളും, ഹോട്ടലുകളും നിലനിര്‍ത്താനാണ്‌ സര്‍ക്കാര്‍ നീക്കം. പതിനായിരക്കണക്കിന്‌ രൂപ വാടകയിനത്തില്‍ വാങ്ങുന്ന ഈ ഹോട്ടലുകാര്‍ നയാപൈസ പോലും സര്‍ക്കാരിന്‌ നല്‍കിയിട്ടില്ല. ഇത്തരക്കാരുടെ വന്‍കിട കെട്ടിടങ്ങള്‍ പൊളിക്കാതെ നില നിര്‍ത്തുന്നത്‌ മൂന്നാര്‍ സംബന്ധിച്ച്‌ ഹൈക്കോടതിയിലുള്ള കേസുകള്‍ തോല്‍ക്കുന്നതിന്‌ കാരണമാകുമെന്നും പ്രതിപക്ഷ നേതാവ്‌ ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രമാണിമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അനുവദിച്ചില്ലെന്നും വിഎസ് പറഞ്ഞു. നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്‌. പകര്‍ച്ചപ്പനി പടരുമ്പോള്‍ അതിന്റെ ഗൗരവം മനസിലാക്കാന്‍ സര്‍ക്കാരിനായില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പനി വ്യാപകമായിട്ടും ആരോഗ്യവകുപ്പു കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ല. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കാതെ മുന്‍ സര്‍ക്കാരിന്റെ കാലത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടുകയാണ് മന്ത്രിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യരംഗം പ്രതിസന്ധി നേരിടുമ്പോള്‍ മന്ത്രിയും സര്‍ക്കാരും തീക്കളി നടത്തുകയാണെന്നും വി.എസ്‌ ആരോപിച്ചു. പനി ബാധിച്ച തൊഴിലാളികള്‍ക്ക്‌ അടിയന്തര റേഷന്‍ അനുവദിക്കണമെന്നും വി,എസ്‌ ആവശ്യപ്പെട്ടു.