പീരുമേട്: എക്സൈസ് സംഘത്തിന്റെ വാഹന പരിശോധന ഭയന്ന് കൊടും വളവില്‍ ബൈക്ക് തിരിക്കാന്‍ ശ്രമിച്ചയാള്‍ സ്വകാര്യ ബസിനടിയില്‍പെട്ടു.
മാട്ടുക്കട്ട സ്വദേശി സിബി (42)യാണ് അത്ഭുതകരമായി രക്ഷപെട്ടത്. ദേശീയപാത 183ല്‍ തട്ടാത്തിക്കാനം പൈന്കാടിന് സമീപം ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വളവു തിരിഞ്ഞത്തിയ ബൈക്ക് യാത്രികന് വാഹന പരിശോധന കണ്ട് ഉടന്‍ ബൈക്ക് വട്ടം തിരിക്കുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ സ്വകാര്യ ബസിനു മുന്നിലേക്കാണ് നിയന്ത്രണം വിട്ട ബൈക്ക് പതിച്ചത്.
ബൈക്കും ബൈക്ക് യാത്രികനും ബസിനടിയിലേക്കാണ് വീണത്. ബസ് കൃത്യമായി നിര്‍ത്താനായതാണ് അപകടമൊഴിവാക്കിയത്. വാഹന പരിശോധന നടത്തിയിരുന്ന എക്സെസ് സംഘം ഓടിയെത്തി അപകടത്തില്‍ പെട്ടയാളെ ബസിനടിയില്‍ നിന്നും പുറത്തെടുത്തു. നിസാര പരുക്കേറ്റ സിബിക്ക് പീരുമേട് താലൂക്കാശുപത്രിയില്‍ ചികത്സ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: